തിരുവനന്തപുരം: കല്യാണം, പാലുകാച്ചല്‍, പിറന്നാള്‍ ചടങ്ങുകള്‍ക്ക് ഉച്ചഭാഷിണി ഉപയോഗം പരിധിവിട്ടാല്‍ നടപടി. ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഇത്തരം ചടങ്ങുകളില്‍ പാടുള്ളൂ. ശബ്ദം ചടങ്ങു നടക്കുന്ന സ്ഥലത്തിനു പുറത്തുപോകാനും പാടില്ല.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗവും കര്‍ശനമായി നിയന്ത്രിക്കും. ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും ബോക്‌സ് മാതൃകയിലുള്ള ഉച്ചഭാഷിണികളേ ഉപയോഗിക്കാവൂ. ശബ്ദം ആരാധനാലയ വളപ്പിന് പുറത്തുപോകാനും പാടില്ല. മുസ്ലിം പള്ളികളിലെ ബാങ്ക് വിളി ഒരു മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുന്നതായതിനാല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

ഉച്ചഭാഷിണി നിയന്ത്രണം സംബന്ധിച്ച ഉത്തരവ് സംസ്ഥാന ആഭ്യന്തരവകുപ്പ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറി. ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ക്ഷേത്രങ്ങളിലെ ഭക്തിഗാനങ്ങള്‍, മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ ചടങ്ങുകള്‍ എന്നിവയ്ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ പുതിയ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

ഉച്ചഭാഷിണികള്‍ രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ല. തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പോലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹോണുകളും നിരോധിച്ചതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉച്ചഭാഷിണിയുടെ അമിതശല്യത്തിനെതിരേ 1988-ല്‍ ഹൈക്കോടതി വിധി ഉണ്ടായിരുന്നു. ഇത് നടപ്പാക്കാന്‍ 1993-ല്‍ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഉച്ചഭാഷിണിയുടെ അമിതശല്യത്തിനെതിരെ കഴിഞ്ഞ മാര്‍ച്ച് രണ്ടിനു വീണ്ടും വിധി പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, വിധി കര്‍ശനമായി നടപ്പാക്കാനാണ് ഇപ്പോള്‍ വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.

നിയന്ത്രണം സംബന്ധിച്ച് പോലീസ് മേധാവി, കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് കമ്മിഷണര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.