ആലപ്പുഴ: ഒരു വയസ്സുകാരൻ വിഷം ഉള്ളിൽച്ചെന്നുമരിച്ച സംഭവത്തിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ. ഭരണിക്കാവ് ഇളപ്രാവിൽ വീട്ടിൽ ദീപാ പ്രകാശി(32)നെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി ടി.കെ.രമേഷ്‌കുമാർ ശിക്ഷിച്ചത്. മകന് വിഷം നൽകിയശേഷം ദീപയും വിഷം കഴിച്ചിരുന്നു. എന്നാൽ, മകൻ മരിക്കുകയും ദീപ രക്ഷപ്പെടുകയും ചെയ്തു.

2011 ജനുവരി 19-നാണ് സംഭവം. ഭർത്താവ് കുളനട സ്വദേശി പ്രകാശ്കുമാറുമായി പിണങ്ങി ഇവർ സ്വന്തം വീട്ടിൽ പോയിരുന്നു. ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോഴാണ് മകന് വിഷം നൽകിയശേഷം ആത്മഹത്യചെയ്യാൻ ദീപ ശ്രമിച്ചത്.

വീട്ടിലെ ടെലിഫോൺ ബില്ലിനെച്ചൊല്ലിയുള്ള വഴക്കാണ് ഇരുവരും തമ്മിൽ വേർപിരിയാനിടയായത്. ദീപയുടെ വീട്ടുകാരെത്തി ദീപയെയും കുഞ്ഞിനെയും ഭരണിക്കാവിലെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് കുഞ്ഞ് തിരുവല്ലയിലെ ആശുപത്രിയിലാണെന്ന വിവരമാണ് ഭർത്താവ് അറിയുന്നത്. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് അറിഞ്ഞപ്പോൾ ഭർത്താവ് പരാതി നൽകി.

ചികിത്സലഭിച്ച ദീപ രക്ഷപ്പെട്ടപ്പോൾ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.വിധു ഹാജരായി.

Content Highlights; son murder case, mother sentenced for life imprisonment