മുണ്ടക്കയം: ഭക്ഷണവും പരിചരണവും നൽകാതെ മുറിക്കുള്ളിൽ മകൻ അടച്ചിട്ട വയോധികൻ മരിച്ചു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മുണ്ടക്കയം വണ്ടൻപതാൽ, അസംബനി, തൊടിയിൽ വീട്ടിൽ പൊടിയനാ(80)ണ് ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ മരിച്ചത്. ഭാര്യ അമ്മിണി(76)യുടെയും ആരോഗ്യസ്ഥിതി മോശമാണ്.
വയോധികരെ തിരക്കിയെത്തിയ ആരോഗ്യപ്രവർത്തകയാണ് ദുരിതവിവരം പുറംലോകത്തെ അറിയിച്ചത്. ജനപ്രതിനിധികളും പോലീസും എത്തി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊടിയൻ മരിച്ചത്.
വീടിനുള്ളിൽനിന്ന് ഏറെ പഴകിയ ആഹാരം പൊതുപ്രവർത്തകർ കണ്ടെടുത്തു.
ഇളയ മകൻ കൂലിവേലക്കാരനായ റെജിയോടും കുടുംബത്തോടുമൊപ്പമായിരുന്നു വൃദ്ധദമ്പതിമാർ ഏറെനാളായി കഴിഞ്ഞിരുന്നത്. റെജി മാതാപിതാക്കൾക്ക് ഭക്ഷണം നൽകാതിരിക്കുകയും ശാരീരികമായി ഇരുവരെയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറഞ്ഞു. അയൽവാസികൾ ജനലിലൂടെ നൽകുന്ന ഭക്ഷണമാണ് ഇവർ ഭക്ഷിച്ചിരുന്നത്. മുറിക്കുള്ളിലേക്ക് ആരും കയറാതിരിക്കുന്നതിനായി വാതിൽക്കൽ പട്ടിയെ കെട്ടിയിട്ടനിലയിലായിരുന്നു. ഇതിനാൽ അയൽവാസികളും ബന്ധുക്കളും ഇവിടേക്ക് കയറാതായി. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വാഹനത്തിൽ കയറ്റിയപ്പോൾ മകൻ തന്നെ അടിക്കുമെന്നും ഭക്ഷണം തരില്ലെന്നും വിലപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് പറഞ്ഞു. റെജി താമസിക്കുന്ന മുറിയിൽ മാംസാഹാരം ഉൾപ്പെടെയുള്ളവ പാകംചെയ്തനിലയിൽ ഉണ്ടായിരുന്നു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെന്ന് മുണ്ടക്കയം സി.ഐ. വി. ഷിബുകുമാർ പറഞ്ഞു.
പട്ടിണിയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സൂചന
ചികിത്സയും മരുന്നും ഭക്ഷണവും ലഭിക്കാത്തതാണ് പൊടിയൻ മരിക്കാൻ ഇടയാക്കിയതെന്ന് പോസ്റ്റുമോർട്ടത്തിൽ സൂചന. ദിവസങ്ങളായി തൊണ്ടയിലൂടെ ഭക്ഷണം ചെന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കും.