തിരുവനന്തപുരം: ഭൂരിഭാഗം ഉദ്യോഗസ്ഥരും ആത്മാർഥതയോടെ ജോലി ചെയ്യുമ്പോൾ ഒരു വിഭാഗം ഉദ്യോഗസ്ഥർ സേനയെ നാണംകെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 41-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാപ്പുകളിൽനിന്ന് മാസപ്പടി വാങ്ങുന്നവരുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുന്നതും അഴിമതി തന്നെയാണ്. ഇത്തരക്കാർ ആത്മപരിശോധന നടത്താൻ തയ്യാറാകണം. എല്ലാ പരാതികളും സർക്കാരിന്റെ മുന്നിലെത്തുന്നുണ്ട്. തിരുത്താത്തവർ ഇന്നല്ലെങ്കിൽ നാളെ കുടുങ്ങും- എം.വി.ഗോവിന്ദൻ പറഞ്ഞു. സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.രമേശൻ അധ്യക്ഷനായി. എക്‌സൈസ് കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ, അഡീഷണൽ കമ്മിഷണർ രാജീവ്, അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.