കൊച്ചി: സോളാർ പീഡനക്കേസിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. ക്ലിഫ് ഹൗസിൽ പീഡനം നടന്നു എന്ന് പരാതിക്കാരി ഉന്നയിക്കുന്ന 2012 സെപ്റ്റംബർ 19-ന് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ അവിടെ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. സോളാർ പീഡനക്കേസ് സി.ബി.ഐക്ക് വിട്ട പശ്ചാത്തലത്തിൽ ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് നൽകിയ കേസിന്റെ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

സോളാർ പീഡനക്കേസിൽ 2018-ലാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. രണ്ടരവർഷത്തെ അന്വേഷണത്തിനൊടുവിലാണ് പരാതിക്കാരിയുടെ ആവശ്യപ്രകാരം അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ആ സമയത്ത് സുരക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ ആ ദിവസം ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഉണ്ടായിരുന്നുവെന്നതിന് തക്ക തെളിവുകൾ കണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയുടെ രണ്ടു ഡ്രൈവർമാരിൽനിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു.

സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പോലീസുകാർ, സന്ദർശകർ, വാഹനങ്ങൾ എന്നിവയുടെ വിവരങ്ങൾ തേടിയെങ്കിലും വാഹനരജിസ്റ്റർ കണ്ടെടുക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയുടെയും പരാതിക്കാരിയുടെയും ഫോൺവിളികളുടെ വിവരങ്ങൾക്കായി സേവനദാതാക്കളെ സമീപിച്ചെങ്കിലും ഏഴുവർഷം കഴിഞ്ഞതിനാൽ ലഭ്യമല്ലെന്ന മറുപടിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

Content Highlights: Solar sexual abuse case against Oommen Chandy