പ്രത്യേക നിയസഭാ സമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിയുടെ മേശപ്പുറത്ത് എത്തിയ* ഉമ്മന്‍ ചാണ്ടിക്കും കൂട്ടാളികള്‍ക്കുമെതിരേ തെളിവുകളുണ്ട്

* ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടി

* കേസെടുത്ത് അന്വേഷിക്കണം

* റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുളളവര്‍ പണംവാങ്ങിയെന്ന സരിത എസ്. നായരുടെ മൊഴി വിശ്വാസയോഗ്യമാണെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്. ഉമ്മന്‍ചാണ്ടിക്കും കൂട്ടാളികള്‍ക്കുമെതിരേ തെളിവുകളുണ്ട്. ഇവയെക്കുറിച്ചെല്ലാം അന്വേഷിക്കണമെന്നും നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സരിതയെ പരിചയമില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദങ്ങള്‍ തള്ളുന്നതാണ് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടി സരിതയില്‍നിന്ന് 2.42 കോടിയും ആര്യാടന്‍ മുഹമ്മദ് 40 ലക്ഷവും പളനിമാണിക്യം 25 ലക്ഷവും എ.പി. അനില്‍കുമാര്‍ ഏഴ് ലക്ഷവും വാങ്ങിയെന്ന് സരിത മൊഴി നല്‍കിയിരുന്നു. ഇതില്‍ 32 ലക്ഷം രൂപ മല്ലേലില്‍ ശ്രീധരന്‍ നായരില്‍നിന്ന് വാങ്ങി മുഖ്യമന്ത്രിക്ക് നല്‍കിയെന്നും മൊഴിയിലുണ്ട്. ഇത് വിശ്വാസയോഗ്യമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സരിതയും ഉമ്മന്‍ ചാണ്ടിയുമായി നല്ല പരിചയമുണ്ടായിരുന്നു. 2011 മുതലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് ടീം സോളാര്‍ കമ്പനിയെ അറിയാം. ആര്യാടന്‍ മുഹമ്മദിന് സരിതയെ പരിചയപ്പെടുത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. ഇക്കാര്യം എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ആര്യാടന്‍ പറയുന്നതിന്റെ സി.ഡി.യും കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ലൈംഗികാതിക്രമം പ്രതിപാദിക്കുന്ന സരിതയുടെ കത്തും റിപ്പോര്‍ട്ടിന്റെ ഭാഗമാണ്.

ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടാളികളുടെയും പേരില്‍ അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ക്രിമിനല്‍ നടപടി, അഴിമതി നിരോധനനിയമം, മറ്റ് ബാധകമായ നിയമങ്ങള്‍ എന്നിവ പ്രകാരം നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ടും സര്‍ക്കാര്‍ എടുത്ത നടപടിയും മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തുവച്ചു.

എന്നാല്‍, റിപ്പോര്‍ട്ട് സര്‍ക്കാരിന് അനുകൂലമായി തിരുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി നേരത്തേ നടത്തിയ പത്രസമ്മേളനത്തില്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസും വിജിലന്‍സ് കേസും എടുക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, വ്യാഴാഴ്ച നിയമസഭയിലെ പ്രസ്താവനയില്‍ കമ്മിഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നേ പറയുന്നുള്ളൂ. കേസ് എടുത്തായിരിക്കുമോ അന്വേഷണമെന്ന് പ്രത്യേക സംഘമായിരിക്കും തീരുമാനിക്കുക.


ആരോപണവിധേയര്‍

* സരിതയില്‍നിന്ന് പണം വാങ്ങിയെന്ന ആരോപണം ഉമ്മന്‍ ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം എന്നിവര്‍ക്കെതിരേ. ഇവരും മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മുന്‍ മന്ത്രി അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എം.എല്‍.എ., ജോസ് കെ. മാണി എം.പി., മുന്‍ എം.എല്‍. എ. എ.പി. അബ്ദുള്ളക്കുട്ടി, മുസ്ലിം ലീഗ് നേതാവ് ബഷീറലി തങ്ങള്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, എ.ഡി.ജി.പി കെ. പത്മകുമാര്‍, ഐ.ജി. എം.ആര്‍. അജിത്കുമാര്‍ എന്നിവര്‍ ലൈംഗികാതിക്രമം നടത്തിയെന്നും സരിതയുടെ മൊഴി.

കമ്മിഷന്റെ പ്രധാന കണ്ടെത്തലുകള്‍

* സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന എല്ലാവര്‍ക്കുമെതിരേ വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ തെളിവുകളുടെ പിന്‍ബലമുണ്ട്. അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം. ആനുകൂല്യം നല്‍കുന്നതിന് സരിതയില്‍നിന്ന് ലൈംഗിക സംതൃപ്തി നേടിയത് അഴിമതിയും നിയമവിരുദ്ധ പാരിതോഷികവുമാണ്.

* ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് വിടുവിക്കുന്നതിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഭാഗത്തുനിന്ന് എല്ലാ പരിശ്രമവും നടത്തി.

* ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ നടപടികളില്‍ നിന്ന് രക്ഷിക്കാന്‍ എ.ഡി.ജി.പി.യായിരുന്ന എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം വല്ലാതെ ആയാസപ്പെട്ടു.

* ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങളായിരുന്ന ടെന്നി ജോപ്പന്‍, ജിക്കുമോന്‍, ഗണ്‍മാന്‍ സലിം രാജ്, സഹായി കുരുവിള തുടങ്ങിയവരും ടീം സോളാറിന് അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയുംവിധം സഹായിച്ചു.****
നീതി എല്ലാവര്‍ക്കും ഒരുപോലെ കിട്ടണമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. അതിനാലാണ് നിയമോപദേശം തേടിയശേഷം മാത്രം കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചത്. സരിതയുടെ കമ്പനിയില്‍നിന്ന് സോളാര്‍ വിളക്കുകള്‍ അവരുടെ മണ്ഡലങ്ങളില്‍ സ്ഥാപിക്കുന്നതിനും അവരുടെ ക്രിമിനല്‍ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനും ശുപാര്‍ശ ചെയ്ത എം.എല്‍.എ. മാരുടെ പേരിലും കേസുകള്‍ വരും. ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച എം.എല്‍.എ.മാരായിരുന്ന തമ്പാനൂര്‍ രവി, ബെന്നി െബഹനാന്‍ എന്നിവരുടെ പേരിലും കേസെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍

എന്നെ കണ്ടിട്ടില്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇപ്പോള്‍ അഞ്ചുതെളിവുകളായി. അവയൊന്നും ഞാന്‍ കണ്ടെത്തിയതല്ല. അദ്ദേഹം വഴിനീളെ ഇട്ടിട്ടുപോയതാണ്. തെളിവില്ല എന്നു പറഞ്ഞിടത്തുനിന്നാണ് കാര്യങ്ങള്‍ ഇത്രവരെ എത്തിയത്. ഇനിയും തെളിവുകളുണ്ട്. മൊഴിയെടുക്കുമ്പോള്‍ അവ നല്‍കും. മൊഴികളില്‍ ഉറച്ചുനില്‍ക്കുന്നു. വിശദമായി അന്വേഷിച്ചശേഷം സത്യമാണെന്ന് തെളിഞ്ഞാല്‍മാത്രം കേസെടുത്താല്‍ മതി.   -സരിത എസ്. നായര്‍

സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരാള്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തു. അതില്‍ ദുഃഖമുണ്ട്. അതാരെന്ന് പിന്നീട് പറയാം. സോളാര്‍ വിഷയത്തില്‍ ഒട്ടേറെപ്പേര്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പലരും അടുപ്പമുള്ളവരായിരുന്നു. പക്ഷേ, ഞാന്‍ സമ്മതിച്ചില്ല. എന്നാല്‍, അടുപ്പമുള്ള ഒരാളുടെ ബ്ലാക്ക്‌മെയിലിങ്ങിനുമാത്രം വിധേയനായി. അതാരാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അക്കാര്യം പിന്നീട് പറയും. -ഉമ്മന്‍ ചാണ്ടി