കുറ്റിപ്പുറം: തദ്ദേശ സ്ഥാപനങ്ങളില്‍ സൗരോര്‍ജപാനല്‍ സ്ഥാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പദ്ധതിയിടുന്നു. സാധ്യതാപഠനം നടത്താന്‍ സി-ഡിറ്റിനെ (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി) ചുമതലപ്പെടുത്തി.
സി-ഡിറ്റിന്റെ കീഴിലുള്ള ഗ്രീന്‍ എനര്‍ജി വിഭാഗം അടുത്തദിവസം പഠനംതുടങ്ങും. സാധ്യതാപഠനത്തിനുവേണ്ട 2000 രൂപ അതത് തദ്ദേശ സ്ഥാപനങ്ങള്‍ തനതുഫണ്ടില്‍നിന്ന് നല്‍കണം.

തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ്, അവയ്ക്കുകീഴിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, മൃഗാസ്​പത്രികള്‍, കൃഷിഭവന്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ ഗ്രിഡ് സ്ഥാപിച്ച് സൗരോര്‍ജ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടങ്ങളുടെ ശേഷിക്കനുസരിച്ചാണ് എത്ര കിലോവാട്ട് ഉത്പാദിപ്പിക്കാനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്ന് കണക്കാക്കുക. ഒരു പഞ്ചായത്തില്‍ 25 കിലോവാട്ട് സൗരോര്‍ജമെങ്കിലും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പഞ്ചായത്തുസ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കി അതിനാനുപാതികമായി സൗരോര്‍ജം അതാതിടത്തുനിന്നുതന്നെ ഉത്പാദിപ്പിക്കുകയെന്നതാണ് ലക്ഷ്യം.

എറണാകുളത്തെ ചേന്ദമംഗലം പഞ്ചായത്തില്‍ സി-ഡിറ്റും മുംബൈ ഐ.ഐ.ടിയും ചേര്‍ന്ന് നേരത്തേ പ്രാരംഭ സാധ്യതാപഠനം നടത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിന് കൈമാറുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനവ്യാപകമായി സാധ്യതാപഠനം നടത്തുന്നതിന് സര്‍ക്കാര്‍ സി-ഡിറ്റിനോട് ആവശ്യപ്പെട്ടത്. വൈകാതെ സാധ്യതാപഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറും.