തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ-2ന്റെ പതുക്കെ ഇറക്കം (സോഫ്റ്റ് ലാൻഡിങ്) അവസാനനിമിഷം വിജയത്തിൽനിന്ന് തെന്നിമാറിയതോടെ ചാന്ദ്രദൗത്യങ്ങളിലെ വിജയം 37 ശതമാനം മാത്രമായി. 36 വർഷത്തിനിടെ നടന്ന 39 ദൗത്യങ്ങളിൽ 14 എണ്ണം മാത്രമാണ് വിജയിച്ചത്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇസ്രായേലിന്റെ ബെരേഷീത് ദൗത്യമാണ് പരാജയപ്പെട്ടത്. തികച്ചും കുറഞ്ഞ വിജയശതമാനമുള്ള സോഫ്റ്റ് ലാൻഡിങ് ദൗത്യത്തിൽ ഇന്ത്യ വിജയത്തോട് അടുത്തെങ്കിലും പരാജയത്തിനുള്ള കാരണങ്ങൾ വിശകലനംചെയ്യുകയാണ് ശാസ്ത്രജ്ഞർ.

ഇസ്രായേലിന്റെ സ്വകാര്യ ചാന്ദ്രദൗത്യമായ ബെരേഷീതിനെ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഭ്രമണപഥത്തിലെത്തിച്ചത്. സോഫ്റ്റ് ലാൻഡിങ്ങാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രധാന എൻജിന്റെ തകരാറുമൂലം പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. ചന്ദ്രോപരിതലത്തിന്റെ 14 കിലോമീറ്റർ മുകളിൽനിന്ന് ബെരേഷീത് അയച്ച ഒരു ചിത്രമാണ് ഭൂമിയിലേക്ക് അവസാനം ലഭിച്ചത്.

38 തവണ ലോകമാകമാനമുള്ള വിവിധ ഏജൻസികൾ ചന്ദ്രനിൽ പതുക്കെ ഇറക്കത്തിന് ശ്രമിച്ചെങ്കിലും എട്ട് ദൗത്യങ്ങൾ വിക്ഷേപണസമയത്തുതന്നെ പരാജയപ്പെട്ടു. നാല് ദൗത്യങ്ങൾ പരാജയപ്പെട്ടതാകട്ടെ ഭൂമിയുടെ ഭ്രമണപഥത്തിലും. ഇതുംകടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ മൂന്ന് ദൗത്യങ്ങൾ പരാജയപ്പെട്ടു.

എട്ടുദൗത്യങ്ങളിൽ ലാൻഡർ സോഫ്റ്റ് ലാൻഡിങ്ങിനു പകരം ഇടിച്ചിറങ്ങി. ഒരു ദൗത്യത്തിൽ പേടകം തെറ്റായപ്രദേശത്ത് പോയിറങ്ങി ദൗത്യം പൂർത്തിയാക്കാനായില്ല. ചന്ദ്രയാൻ-2ന്റെ പരാജയകാരണങ്ങളും ലാൻഡറിന് എന്തുസംഭവിച്ചുവെന്നതിന്റെ വിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ചാന്ദ്രദൗത്യങ്ങൾക്കുമാത്രമാണ് ഇതുവരെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കാനായത്. ചന്ദ്രയാൻ-2 വിജയകരമായി പൂർത്തിയായിരുന്നുവെങ്കിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. അമേരിക്ക ഏഴുദൗത്യങ്ങൾ നടത്തിയപ്പോൾ അഞ്ചെണ്ണമാണ് വിജയിച്ചത്. റഷ്യയുടെ 27 ദൗത്യങ്ങളിൽ ഏഴെണ്ണംമാത്രവും.

മനുഷ്യരെ ചന്ദ്രനിലെത്തിക്കാൻ ഇതുവരെ നടന്ന ഏഴുദൗത്യങ്ങളിൽ ആറെണ്ണംമാത്രമാണ് വിജയിച്ചത്. ചന്ദ്രയാൻ-2ന്റെ ആദ്യഘട്ടം പൂർണമായി വിജയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടിന് ഒാർബിറ്ററിനെയും ലാൻഡറിനെയും വിജയകരമായി വേർപെടുത്തിയതോടെ ആദ്യഘട്ടം വിജയിക്കുകയായിരുന്നു. വിവിധ പഠനങ്ങൾക്കായി ആകെ ഉപയോഗിച്ച 14 പേലോഡുകളിൽ എട്ടെണ്ണവും ഓർബിറ്ററിലാണുള്ളത്. ഒരുവർഷം പ്രവർത്തന കാലാവധിയുളള ഓർബിറ്റർ വിജയകരമായി ചന്ദ്രനെ വലംെവയ്ക്കുകയുമാണ്.

Content Highlights: soft landing in lunar surface; only 14 missions successfully completed