തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) മരണം സംബന്ധിച്ച് ആരോഗ്യ-സാമൂഹികനീതി വകുപ്പുകൾ അന്വേഷിക്കും. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജും സാമൂഹികനീതി സെക്രട്ടറിയോട് മന്ത്രി ആർ. ബിന്ദുവും നിർദേശിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ വിദഗ്ധസമിതി രൂപവത്കരിക്കുമെന്ന് വീണാ ജോർജ് അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായി നടത്താൻ മാർഗരേഖ തയ്യാറാക്കും.

ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം വെള്ളിയാഴ്ച ചേരുമെന്ന് ആർ. ബിന്ദു പറഞ്ഞു. ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ സാധ്യത പരിശോധിക്കും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടറുടെ മൊഴിയെടുക്കും; മൃതദേഹ പരിശോധനയ്ക്ക് വിദഗ്ധസംഘം

കൊച്ചി: അനന്യകുമാരി അലക്സിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോക്ടറുടെ വിശദമായ മൊഴിയെടുക്കും. കഴിഞ്ഞവർഷം ജൂണിൽ റിനൈ മെഡി സിറ്റിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി അനന്യ പറഞ്ഞിരുന്നു. ശസ്ത്രക്രിയയിലെ പിഴവാണ് കാരണമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയായിരുന്നു ആത്മഹത്യ.

അനന്യയെ മരിച്ചനിലയിൽ കണ്ടെത്തിയ ഫ്ളാറ്റിൽ കളമശ്ശേരി പോലീസ് വീണ്ടും പരിശോധന നടത്തി. റിനൈ മെഡിസിറ്റിയിൽനിന്ന് അനന്യയുടെ മെഡിക്കൽ റെക്കോഡുകളും പോലീസ് ശേഖരിച്ചു. ഫൊറൻസിക് വിഭാഗവും ഫ്ളാറ്റ് പരിശോധിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച അനന്യയുടെ മൃതദേഹ പരിശോധന നടത്തും. ഫൊറൻസിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

പിഴവില്ല- റിനൈ മെഡിസിറ്റി

അനന്യയുടെ ശസ്ത്രക്രിയയിൽ പിഴവില്ലെന്ന് റിനൈ മെഡിസിറ്റി ആശുപത്രിയധികൃതർ. അനന്യക്ക് ലിംഗമാറ്റ ശസ്ത്രക്രിയ (സെക്സ് റീ അസൈൻമെന്റ് സർജറി-എസ്.ആർ.എസ്.) നടത്തി ആറുദിവസത്തിനു ശേഷം സങ്കീർണത അനുഭവപ്പെട്ടെന്നും ഇത് തുടർചികിത്സയിലൂടെ മറികടന്നെന്നും ആശുപത്രിയധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് സംതൃപ്തയായാണ് മടങ്ങിയത്.

ഏഴുമാസത്തിനുശേഷം അനന്യ പരാതിയുമായെത്തി. ചികിത്സപ്പിഴവാണെന്ന തരത്തിൽ പരാതി നൽകുകയും വൻതുക നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. പരാതി ഒരു മെഡിക്കൽബോർഡ് പരിശോധിക്കണമെന്ന അനന്യയുടെ ആവശ്യം ആശുപത്രി അംഗീകരിച്ചു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ, ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്നും അനന്യക്ക്‌ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തി.

ആശുപത്രിയുടെ തീരുമാനം അംഗീകരിക്കുന്നില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകാൻ ചികിത്സാരേഖകൾ അടക്കം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി.

മരണത്തിനുമുമ്പ് അനന്യ നൽകിയ അഭിമുഖം