തിരുവനന്തപുരം: വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കിയെങ്കിലും മണ്ഡലം ഏതെന്നതിൽ തർക്കം. കഴക്കൂട്ടമായാൽ മത്സരിക്കാമെന്ന നിലപാടിലാണ് ശോഭ. എന്നാൽ, കരുനാഗപ്പള്ളിയോ കൊല്ലമോ നൽകാമെന്നാണ് സംസ്ഥാനനേതൃത്വത്തിന്റെ മനസ്സിലിരുപ്പ്. കഴക്കൂട്ടത്ത് കഴിഞ്ഞതവണത്തെ സ്ഥാനാർഥി വി. മുരളീധരന് ഇത്തവണയും മത്സരിക്കുന്നതിന് കേന്ദ്രനേതൃത്വം അനുമതി നൽകുമെന്നായിരുന്നു സംസ്ഥാനഘടകത്തിന്റെ പ്രതീക്ഷ.

എന്നാൽ, സ്ഥാനാർഥികളുടെ ആദ്യപട്ടികയിൽ അദ്ദേഹം ഉൾപ്പെടാതിരിക്കുകയും കഴക്കൂട്ടമുൾപ്പെടെ മൂന്നുമണ്ഡലങ്ങൾ കേന്ദ്രതിരഞ്ഞെടുപ്പ് സമിതി ഒഴിച്ചിടുകയുംചെയ്തു. അപ്പോഴും ഈ തിരഞ്ഞെടുപ്പിൽ തന്റെ തട്ടകമായി ശോഭ പ്രതീക്ഷിച്ചതും ഉറപ്പിച്ചതും കഴക്കൂട്ടമാണ്. ഇതിനിടെ കോൺഗ്രസ് വിട്ടുവരുന്നയാളെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനുള്ള ബി.ജെ.പി.യുടെ തീരുമാനം പാളിപ്പോവുകയുംചെയ്തു. പ്രതീക്ഷിച്ചതുപോലെ കോൺഗ്രസിൽനിന്നു ആരും വരാത്തതാണ് കാരണം.

അതേസമയം, കഴക്കൂട്ടത്ത് മുരളീധരനും ശോഭയ്ക്കും പകരം പാർട്ടിയുടെ പ്രാദേശികനേതാവിനെ മത്സരിപ്പിക്കാനുള്ള ആലോചനയും പാർട്ടിക്കുള്ളിൽ ഇപ്പോൾ നടക്കുന്നുണ്ട്‌. പത്രികനൽകാൻ ദിവസങ്ങൾ മാത്രമായിരിക്കെ, തിരുവല്ലയിൽ പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർഥിക്കെതിരേ ഉയർന്ന പ്രതിഷേധം അവസാനിച്ചിട്ടില്ല. കൊടുങ്ങല്ലൂരും ഉടുമ്പൻചോലയിലും ബി.ഡി.ജെ.എസും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിലെ അനിശ്ചിതത്വവും ചൊവ്വാഴ്ചയോടെ മാറിയേക്കും. കടകംപള്ളി സുരേന്ദ്രനെ കഴക്കൂട്ടത്ത് നേരിടാനുള്ള അവസരം പ്രസ്ഥാനം നൽകിയാൽ അതേറ്റെടുക്കുമെന്ന്‌ ശോഭ സുരേന്ദ്രൻ കൊച്ചിയിൽ വ്യക്തമാക്കി.

content highlights: sobha surendran lilkely to contest