ശബരിമല പ്രശ്നത്തിലുൾപ്പെടെ സംസ്ഥാനത്ത് പോലീസ് അതിക്രമം കൂടുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇവരെ രൂക്ഷമായി വിമർശിച്ച കോടതി 25,000 രൂപ കോടതിച്ചെലവായി പിഴയിട്ടു.

വ്യക്തിതാത്പര്യം മുൻനിർത്തി പ്രശസ്തിക്കുവേണ്ടിയുള്ള ശ്രമമാണ് ഹർജിയെന്ന് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയിയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമുൾപ്പെട്ട ഡിവിഷൻബെഞ്ച് ആരോപിച്ചു. അനാവശ്യവ്യവഹാരത്തിന്റെ ഉദാഹരണമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവരാവകാശനിയമപ്രകാരം 2017-ൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി. അതിൽ ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച 2018 സെപ്റ്റംബറിലെ സുപ്രീംകോടതിവിധിക്കുശേഷമുള്ള സംഭവം കൂട്ടിച്ചേർത്തതെന്തിനാണെന്ന് കോടതി ചോദിച്ചു. വാദങ്ങളുന്നയിക്കുമ്പോൾ ജാഗ്രത പുലർത്തണം. അനാവശ്യഹർജിയിലൂടെ കോടതിയുടെ സമയം പാഴാക്കരുത്. ശബരിമല വിഷയത്തിൽ അറസ്റ്റിലായവരുടെ വിവരം നൽകാൻ നിർദേശിക്കണമെന്ന ഇടക്കാലാവശ്യം അതുമായി ബന്ധമില്ലാത്തതാണ്. സദുദ്ദേശ്യത്തോടെയാണ് ഹർജിയെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ശോഭാ സുരേന്ദ്രന്റെ അഭിഭാഷകൻ നിരുപാധികം മാപ്പപേക്ഷിച്ച് ഹർജി പിൻവലിക്കാൻ അനുമതി തേടിയെങ്കിലും പിഴയടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. കോടതിനടപടികളുടെ ദുരുപയോഗത്തിനുള്ള ചെലവെന്ന നിലയിൽ 25,000 രൂപ കേരള നിയമസേവന അതോറിറ്റിയിൽ (കെൽസ) അടയ്ക്കാനാണ് നിർദേശം. രണ്ടാഴ്ചയ്ക്കകം തുക അടച്ചില്ലെങ്കിൽ പിടിച്ചെടുക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്.

ക്രിമിനൽ കേസിലുൾപ്പെടുത്തി അനാവശ്യ അറസ്റ്റ് നടത്തുന്ന പോലീസുദ്യോഗസ്ഥരുടെ പേരിൽ നടപടി വേണമെന്ന 2014-ലെ സുപ്രീംകോടതിവിധി നടപ്പാക്കിയിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. നാലുവർഷമായിട്ടും വിധി സർക്കാർ നടപ്പാക്കാത്തതാണ് അനാവശ്യ അറസ്റ്റ് കൂടാൻ കാരണമെന്ന് ഹർജിയിൽ പറയുന്നു.

കോടതിനിരീക്ഷണത്തിൽ വേദന

കോടതിനിരീക്ഷണത്തിൽ വേദനയുണ്ട്. പ്രമാദമായ പല കേസുകളും പൊതുതാത്‌പര്യഹർജിയിലൂടെ തെളിഞ്ഞ നാടാണിത്. പരാതിയുടെ മെറിറ്റ് പരിശോധിക്കുന്നതിനുമുമ്പ് തള്ളുമ്പോൾ ഒരാൾ പൊതുതാത്‌പര്യഹർജിയുമായി എങ്ങനെ കോടതിയെ സമീപിക്കും എന്ന ആശങ്കയുണ്ട്.

-ശോഭാ സുരേന്ദ്രൻ

Content Highlights: Sobha Surendran, High Court