തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി.യിലെ പുനഃസഘടനയ്ക്കുശേഷം മാസങ്ങളോളം വിട്ടുനിൽക്കുകയും നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തുകയും ചെയ്ത ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ശ്രമം. ആർ.എസ്.എസാണ് ശ്രമത്തിനു പിന്നിൽ. എന്നാൽ ഞായറാഴ്ച ബി.ജെ.പിയുടെ സമരശൃംഖലയിൽനിന്നു വിട്ടുനിന്നാണ് ശോഭ പ്രതിഷേധം രൂക്ഷമാക്കിയത്.

ജനറൽ സെക്രട്ടറിയെന്ന നിലയിൽ കോർ കമ്മിറ്റിയിലുണ്ടായിരുന്ന തന്നെ തരംതാഴ്ത്തി ഒതുക്കിയെന്നാരോപിക്കുന്ന ശോഭ ഇതേപ്പറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതി തനിക്കുലഭിച്ചിട്ടില്ലെന്നും കേന്ദ്രനേതൃത്വത്തിന് കത്തയച്ചെന്നത് ഊഹാപോഹമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നിലപാട്. ബി.ജെ.പിയുടെ പാളയത്തിൽനിന്നു ശോഭയെ പുറത്തെത്തിക്കാൻ രാഷ്ട്രീയനീക്കങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തത്തുടർന്നാണ് അതുതടയുകയെന്ന ലക്ഷ്യമിട്ടാണ് ആർ.എസ്.എസ്. രംഗത്തിറങ്ങിയത്.

ശോഭയുടെ നിലപാടിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് കാര്യമായ പ്രതികരണത്തിനുമുതിരാതെ ഒഴിഞ്ഞുമാറുകയാണ് സംസ്ഥാന പ്രസിഡന്റ്. ഇതിനിടെയാണ് പരസ്യമായ കുറ്റപ്പെടുത്തലിന് ശോഭ തയ്യാറായതും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയതും. ശോഭ ഉന്നയിച്ച സംഘടനാപ്രശ്‌നം മുതലാക്കാൻ സി.പി.എം. ശ്രമിക്കുന്നുണ്ട്. പാർട്ടിയിലെ അസംതൃപ്തരുടെയോഗത്തിനുശേഷം പരസ്യപ്രതികരണത്തിനു ശോഭയുടെഭാഗത്തുനിന്നു നീക്കമുണ്ടായിട്ടും അതുവേണ്ടെന്നുവെച്ചത് ആർ.എസ്.എസ്. ഇടപെട്ടതിനാലാണെന്നാണ് വിവരം. പക്ഷേ, പിന്നോട്ടില്ലെന്ന സൂചനകളാണ് ശോഭയുമായി അടുപ്പമുള്ളവർ പറയുന്നത്.

content highlights: sobha surendran bjp issue