KK MAHESAN

കണിച്ചുകുളങ്ങര: ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. മഹേശനെ (54) കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസ് മന്ദിരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.

എസ്.എൻ.ഡി.പി. യോഗം മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററും കണിച്ചുകുളങ്ങര എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറിയുമാണ് മഹേശൻ. രാവിലെ പത്തുമണിയോടെ യൂണിയൻ ഓഫീസ് ജീവനക്കാരൻ ഓഫീസ് തുറക്കാനെത്തിയപ്പോൾ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. മാരാരിക്കുളം പോലീസെത്തി വാതിൽപൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്.

മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 21 കേസുകളിൽ കെ.കെ. മഹേശൻ അഞ്ചാംപ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മഹേശനെ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. മഹേശന്റെ ആത്മഹത്യക്കുറിപ്പും മറ്റുചില രേഖകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൈക്രോഫിനാൻസ് കേസുകളിൽ നിരപരാധിയാണെന്നാണ് മഹേശൻ എഴുതിയിട്ടുള്ളത്. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിക്കും എഴുതിയ കത്ത് മരിക്കുന്നതിന് തൊട്ടുമുമ്പായി നവമാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു.

ഭാര്യ: ഉഷാദേവി (അധ്യാപിക, എസ്.എൻ.വി.എൽ.പി. സ്കൂൾ, മുഹമ്മ). മക്കൾ: ഹരികൃഷ്ണൻ (അസിസ്റ്റന്റ് മാനേജർ, കൊച്ചിൻ ഷിപ്പ്‌യാർഡ്), ബിനുകൃഷ്ണൻ (എൻജിനിയറിങ് വിദ്യാർഥി). മരുമകൾ: ഡോ. ആതിര.

സമഗ്ര അന്വേഷണം വേണം -വെള്ളാപ്പള്ളി

കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യക്കുറിപ്പും പലവിധ ചർച്ചകളും നടക്കുന്ന സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തി യാഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.