വിഷപ്പാമ്പിനെ കണ്ട പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടത്തിനോടനുബന്ധിച്ചുള്ള ജീര്‍ണാവസ്ഥയിലായ ഭാഗം

പറവൂര്‍: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്ലാസ്മുറിയില്‍ വിഷപ്പാമ്പ് ഇഴഞ്ഞെത്തി. പഴയ കെട്ടിടത്തില്‍ ഒന്നാംവര്‍ഷ സയന്‍സ് ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് ഒന്നരയടിയോളം നീളമുള്ള വിഷപ്പാമ്പ് ('വളവളപ്പന്‍') ബഞ്ചിനടിയിലേക്ക് ഇഴഞ്ഞെത്തിയത്. ഉച്ചയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പിരീഡിലായിരുന്നു സംഭവം.

കാലില്‍ എന്തോ തടയുന്നുതുപോലെ തോന്നിയ ഒരു വിദ്യാര്‍ഥിനിയാണ് പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഭയന്ന വിദ്യാര്‍ഥിനികള്‍ ഒച്ചവച്ചു. ബഹളം കേട്ടെത്തിയ അധ്യാപകര്‍ പാമ്പിനെ തല്ലിക്കൊന്ന് കത്തിച്ചു.

ആറുമാസം മുമ്പും ഇവിടെ 'അണലി' ഇനത്തില്‍പ്പെട്ട വിഷപ്പാമ്പിനെ കണ്ടിരുന്നു. വിവരമറിഞ്ഞെത്തിയ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡെന്നി തോമസിന്റെ നേതൃത്വത്തില്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടത്തിന്റെ ദുരവസ്ഥയെപ്പറ്റി 'മാതൃഭൂമി'യില്‍ ചിത്രംസഹിതം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് നഗരസഭാ അധികൃതരെത്തി കാട് വൃത്തിയാക്കി. 1925-ല്‍ പണിതീര്‍ത്ത പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും മാളങ്ങള്‍പോലുള്ളവയുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ വിഭാഗത്തിലെ മൂന്ന് ക്ലാസുകള്‍ ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിലാണ് നടത്തുന്നത്.

കെട്ടിടത്തിന്റെ പിന്നിലുള്ള പഴയ 'കഞ്ഞിപ്പുര'യും ജീര്‍ണാവസ്ഥയിലാണ്. 2018-ലെ പ്രളയത്തില്‍ വെള്ളംകയറിയപ്പോള്‍ കണ്ണന്‍കുളങ്ങര എ.ഇ.ഒ. ഓഫീസില്‍ നിന്നുള്ള കുറേ വസ്തുക്കള്‍ ഗേള്‍സ് സ്‌കൂളിലെ ഒരു മുറിയില്‍ കൊണ്ടുവന്ന് കൂട്ടിവച്ചിട്ടുണ്ട്. ഇത് ഒഴിവാക്കി സ്‌കൂളിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് പി.ടി.എ. പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്.

വി.ഡി. സതീശന്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ടില്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ അനുവദിക്കുകയും ഇതിന് തറക്കില്ലിടുകയും ചെയ്തു. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ പണി തടസ്സപ്പെട്ടു. സ്‌കൂളില്‍ ഈ അധ്യയന വര്‍ഷംതന്നെ രണ്ടുവട്ടം വിഷപ്പാമ്പിനെ കണ്ട സാഹചര്യത്തില്‍ അടിയന്തരമായി സ്‌കൂള്‍ക്കെട്ടിടങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടു.

Content Highlights: Poisonous snake spotted while class was going on