മംഗളൂരു : പാമ്പ് മീൻപിടിക്കുന്നത് കണ്ടിട്ടുണ്ടോ? പിടിച്ച മീനിനെ തന്റെ പ്രിയതമയ്ക്ക് ഭക്ഷിക്കാനായി കൊണ്ടുക്കൊടുക്കുന്ന സ്നേഹനിധിയായ പാമ്പിനെയോ? അത്തരമൊരു അപൂർവദൃശ്യം തന്റെ ക്യാമറക്കണ്ണാൽ ഒപ്പിയെടുത്തിരിക്കയാണ് ഹൈദരാബാദ് മലയാളിയായ ടിനു ജോസ് ഇരഞ്ഞിക്കൽ. ടിനു ഹൈദരാബാദിനടുത്തുള്ള അമീൻപുർ തടാകത്തിൽ ദേശാടനപ്പക്ഷികളുടെ ഫോട്ടോയെടുക്കാൻ പോയതായിരുന്നു. ‘‘വെള്ളപ്പരപ്പിൽ ഒരു പാമ്പ് നീന്തിപ്പോകുന്നതുകണ്ട് കൗതുകത്തിന് ഞാനൊന്നു ക്ലിക്കി. വീണ്ടും ആ പാമ്പിനെ നോക്കിനിന്നപ്പോഴാണ് അത് വെള്ളത്തിൽ ഊളിയിടുന്നതും പിടയുന്നതും ശ്രദ്ധിച്ചത്. 

man
ടിനു ജോസ് 

വെള്ളത്തിൽനിന്ന് ആ പാമ്പ് പൊന്തിവന്നത് വലിയൊരു മീനിനെ കടിച്ചുപിടിച്ചുകൊണ്ടായിരുന്നു’’ -ടിനുവിന്റെ നിക്കോൺ ഡി 5300 ക്യാമറയുടെ ഷട്ടറുകൾ പലതവണ തുറന്നടഞ്ഞു. അവിടെയും തീർന്നില്ല. പാമ്പ് ആ മീനിനെ കടിച്ചുപിടിച്ച് തടാകക്കരയിലെ പൊന്തക്കാട്ടിലേക്ക് നീങ്ങി. വള്ളിപ്പടർപ്പുകൾക്കിടയിൽ മറ്റൊരു പാമ്പ് കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെയെത്തി മീൻ ഇരുവരും പങ്കിട്ടുഭക്ഷിക്കുന്ന അപൂർവകാഴ്ചയും ടിനുവിന്റെ ക്യാമറയ്ക്ക് വിരുന്നായി.

ഇടുക്കി തൊടുപുഴ സ്വദേശിയായ ടിനു ജോസ് നാലുവർഷമായി ഹൈദരാബാദിലാണ് താമസം. അവിടെയുള്ള ഇ-ലേണിങ് കമ്പനിയായ ടോപ്പേഴ്‌സ് ടെക്‌നോളജിയിൽ ക്രിയേറ്റീവ് അസോസിയേറ്റാണ്‌.