തിരുവനന്തപുരം: ഒരു തുള്ളി രക്തം പരിശോധിച്ച്, രണ്ട് മിനിറ്റിനുള്ളിൽ കടിച്ച പാമ്പ് ഏതിനമാണെന്നു തിരിച്ചറിയാനാവുന്ന സ്ട്രിപ് വരുന്നു. വിഷചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന സ്ട്രിപ് തയ്യാറാക്കിയത് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയാണ്. ഡിസംബർ ആദ്യവാരത്തോടെ ഇത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും.

സെന്ററിലെ ലബോറട്ടറി മെഡിസിൻ ആൻഡ് മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്സ് ശാസ്ത്രജ്ഞൻ ആർ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. ഗർഭം സ്ഥിരീകരിക്കാൻ ഉപയോഗിക്കുന്ന സ്ട്രിപ്പിനു സമാനമാണിത്. അഞ്ചു വരകളാണ് സ്ട്രിപ്പിലുണ്ടാവുക. ആദ്യ വര സ്ട്രിപ് കൺട്രോൾ യൂണിറ്റാണ്. അടുത്ത നാലുവരകൾ ഒാരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്.

R radhakrishnan
ഡോ. ആർ രാധാകൃഷ്ണൻ.
കടപ്പാട്: RGCB TVM

മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് തിരിച്ചറിയാനാവുക. പാമ്പുകടിയേറ്റ മുറിവിന്റെ ഭാഗത്തുനിന്നുള്ള സ്രവമോ ഒരു തുള്ളി രക്തമോ സ്ട്രിപ്പിൽ ഇറ്റിച്ചാൽ കടിച്ചയിനം പാമ്പിനെ തിരിച്ചറിയാം. ഏതിനം പാമ്പിന്റെ വിഷമാണോ ശരീരത്തിൽ പ്രവേശിച്ചത് ആ പേരിനു നേരെയുള്ള വര സ്ട്രിപ്പിൽ തെളിയും. രണ്ട് മിനിറ്റിനുള്ളിൽ വിഷമേതെന്നു സ്ഥിരീകരിക്കാം. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കിൽ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നു മനസ്സിലാക്കാം.

കടിച്ച പാമ്പ് ഏതിനമാണെന്നു തിരിച്ചറിയാനായാൽ അതിനുമാത്രമായുള്ള മരുന്ന് (മോണോവാലന്റ്) നൽകാനാകുമെന്നതാണ് സ്ട്രിപ്പിൻറെ സവിശേഷതയെന്ന് ആർ. രാധാകൃഷ്ണൻ പറഞ്ഞു. പാമ്പ് ഏതാണെന്നു തിരിച്ചറിയാനാകാത്ത അവസ്ഥയിൽ എല്ലാത്തരം പാമ്പുകളുടെ വിഷത്തിനുമെതിരേ പ്രവർത്തിക്കുന്ന മരുന്ന് (പോളിവാലന്റ്) നൽകാം. ഇത് വൃക്കതകരാർ ഉൾപ്പെടെയുള്ള പാർശ്വഫലങ്ങൾക്ക് കാരണമാകും.

Snake Venom Strip

മൂന്നുവർഷത്തെ പ്രയത്നഫലമായാണ് സ്ട്രിപ് വികസിപ്പിച്ചത്. ലബോറട്ടറിയിൽ ഒരു സ്ട്രിപ്പ് തയ്യാറാക്കാൻ 50 രൂപയോളമേ വന്നുള്ളൂ. വ്യാവസായികാടിസ്ഥാനത്തിൽ തയ്യാറാക്കുമ്പോൾ കുറഞ്ഞചെലവിൽ വിപണിയിലെത്തിക്കാനാകും.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിശോധന കഴിഞ്ഞ് സ്ട്രിപ് അവർക്കു കൈമാറുന്നതോടെ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനമാരംഭിക്കും. വകുപ്പിന്റെ അംഗീകാരമുള്ള കമ്പനികളിലൂടെയാകും നിർമാണം. ഉപകരണം വിഷചികിത്സാ രംഗത്ത് വൻമാറ്റങ്ങൾക്കു വഴിവെക്കുമെന്ന് സെന്റർ ഡയറക്ടർ പ്രൊഫ. എം. രാധാകൃഷ്ണ പിള്ള പറഞ്ഞു.

രാജ്യത്ത് വർഷം 49,000 പേർ പാമ്പുകടിയേറ്റ് മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, രക്തമണ്ഡലി എന്നിവയുടെ കടിയേറ്റുള്ള മരണമാണ് കൂടുതലും.

Content Highlights: snake bite case; rajiv gandhi center for biotechnology developed a strip to identify the snake