തൃശ്ശൂർ: ചാലക്കുടി കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥി ജെറാൾഡിെന (9) പാമ്പുകടിയേറ്റ നിലയിൽ അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാലക്കുടി ഹൗസിങ് ബോർഡ് കോളനിയിൽ കണ്ണനാക്കൽ ഷൈജന്റെ മകനാണ്. കുട്ടി അപകടസ്ഥിതിയിലല്ലെന്നും വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നും ആശുപത്രിയധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച മൂന്നരയോടെ സ്കൂൾ കെട്ടിടത്തിനോടു ചേർന്ന് മൈതാനത്ത് കളിക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്നു കരുതുന്നു. ഇടതുകാലിന്റെ ഉപ്പൂറ്റിഭാഗത്താണ് മുറിവുകണ്ടത്. വേദന തോന്നിയപ്പോൾ ഷൂ അഴിച്ചുനോക്കിയപ്പോഴാണ് മുറിവുകണ്ടത്.

കുട്ടിയെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടറുടെ നിർദേശപ്രകാരമാണ് വിഷചികിത്സാ സൗകര്യമുള്ള അങ്കമാലി എൽ.എഫ്. ആശുപത്രിയിലേക്കു മാറ്റിയത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന് ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു. കുട്ടി 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

അണലിയല്ല; അത് വെള്ളിവരയൻ

കഴിഞ്ഞദിവസം എറണാകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കൊന്നത് വെള്ളിവരയനെയാണെന്ന് വന്യജീവി വിദഗ്ധർ. വെള്ളിവരയൻ എന്ന വിഷമില്ലാത്ത പാമ്പിനെയാണ് അണലിയെന്നു തെറ്റിദ്ധരിച്ച് തല്ലിക്കൊന്നത്. ചുമർപാമ്പ് എന്ന് വിളിപ്പേരുള്ള വെള്ളിവരയന്റെ ഭക്ഷണം പല്ലികളും ചെറുജീവികളുമാണ്.

ശംഖുവരയനാണെന്നു കരുതിയും ഇവയെ തല്ലിക്കൊല്ലുന്നത് സ്ഥിരമാണെന്ന് വനശ്രീ ലൈവ് സ്റ്റോക്ക് വാച്ചർ ലൈജു പന്നിയങ്കര പറഞ്ഞു. കേരളത്തിൽ കാണുന്ന അഞ്ചു പാമ്പുകൾക്കു മാത്രമേ വിഷമുള്ളൂ. രാജവെമ്പാല, വെള്ളിക്കെട്ടൻ അല്ലെങ്കിൽ ശംഖുവരയൻ, അണലി, ചുരുട്ടമണ്ടലി, മൂർഖൻ എന്നിവയാണ് അത്.

ഒളരിക്കര സർക്കാർ സ്കൂളിലെ ക്ലാസ് മുറിയിൽ അണലി

തൃശ്ശൂർ ഒളരിക്കര സർക്കാർ യു.പി. സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിലെ തറയിൽ അണലി വർഗത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തി. പഠനസാമഗ്രികൾ വെച്ചിരുന്ന മുറിയായിരുന്നു ഇത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പഠനസാമഗ്രികൾ എടുക്കാനെത്തിയവരാണ് പാമ്പിനെ കണ്ടത്. ടൈൽവിരിച്ച തറയിലാണ് പാമ്പ് കിടന്നിരുന്നത്. സ്കൂളിൽനിന്ന് അറിയിച്ചതിനെത്തുടർന്ന് ഒല്ലൂക്കര ഫോറസ്റ്റ് സ്റ്റേഷനിലെ ജോജു മുക്കാട്ടക്കര പാമ്പിനെ പിടികൂടി കൊണ്ടുപോയി. പാമ്പിന് ഒരു മീറ്ററിലധികം നീളമുണ്ട്.

snake bite a student in the school premises