കൊച്ചി: പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങളുണ്ടെങ്കിലും സംസ്ഥാനത്ത് വലിക്കുന്നവരുടെ എണ്ണം കൂടുന്നു. പോലീസിന്റെ കണക്കനുസരിച്ച് എറണാകുളം ജില്ലയാണ് ഇതില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് കണ്ണൂരും മൂന്നാം സ്ഥാനത്ത് തൃശ്ശൂരുമാണ്. സംസ്ഥാനത്ത് പുകവലിച്ചവരില്‍ നിന്ന് ഈടാക്കിയ പിഴ നാല് കോടിയോളം രൂപയാണ്.

പാര്‍ക്കിങ് സ്ഥലം, ഓഫീസ് കെട്ടിടം, സ്റ്റേഡിയം, ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, വിദ്യാലയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പരിശോധനയിലാണിത്. പരിശോധന കര്‍ശനമാണെങ്കിലും പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് വിലയിരുത്തല്‍. എറണാകുളത്തു നിന്ന് 52,57,600 രൂപയാണ് ഈ ഇനത്തില്‍ പിഴ ലഭിച്ചത്.

എറണാകുളം റൂറല്‍ പരിധിയില്‍ 23,961 പേരും എറണാകുളം സിറ്റി പരിധിയില്‍ 9295 പേരുമാണ് പിടിക്കപ്പെട്ടത്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ പുകവലിക്കുന്നവരെ പിടികൂടിയ കണക്കുകളിലാണിത്. കണ്ണൂര്‍ ജില്ലയില്‍ ഇതുവരെ പിടിക്കപ്പെട്ടത് 31,731 പേരാണ്. 63,46,200 ആണ് പിഴയായി ലഭിച്ചത്. മൂന്നാമത് നില്‍ക്കുന്ന തൃശ്ശൂര്‍ ജില്ലയില്‍ 21,940 പേരെയാണ് പിടിച്ചിരിക്കുന്നത്. തൃശ്ശൂര്‍ റൂറലില്‍ 9295-ഉം തൃശ്ശൂര്‍ സിറ്റിയില്‍ 11,005-ഉം പേരാണ് പിടിക്കപ്പെട്ടിരിക്കുന്നത്. 42,60,600 രൂപയാണ് പിഴയായി ലഭിച്ചിരിക്കുന്നത്. നാലാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട്ട് 14,895 പേരും ആറാം സ്ഥാനത്തുള്ള കൊല്ലത്ത് 13,805 പേരും ഏഴാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 11,012 പേരും എട്ടാം സ്ഥാനത്തുള്ള പത്തനംതിട്ടയില്‍ 9797 പേരും പിടിക്കപ്പെട്ടു. ഒന്‍പതാം സ്ഥാനത്ത് മലപ്പുറമാണ്, 9695 പേര്‍. പത്താം സ്ഥാനത്തുള്ള കോട്ടയത്ത് വലിയില്‍ 9371 പേരെയാണ് പിടികൂടിയത്. പതിനൊന്നാം സ്ഥാനത്ത് ഇടുക്കിയും പന്ത്രണ്ടാം

സ്ഥാനത്ത് വയനാടും പതിമൂന്നാം സ്ഥാനത്ത് കാസര്‍കോടും പതിനാലാം സ്ഥാനത്ത് ആലപ്പുഴയുമാണ്. ഏറ്റവും കുറവ് പുകവലിക്കാരെ പിടികൂടിയത് ആലപ്പുഴയില്‍ നിന്നുമാണ്. 3895 പേരെ മാത്രമാണ് ഇവിടെ നിന്ന് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനുകളില്‍ പുകവലിച്ചതിന് മാത്രം 14,017 പേരെയാണ് പിടിച്ചത്. 28,22,800 രൂപ പിഴ ലഭിച്ചു. പൊതു സ്ഥലങ്ങളില്‍ റെയ്ഡ് കൂടുതല്‍ ശക്തമാക്കണമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. പിടിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും വലിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. നിയമം കൂടുതല്‍ ശക്തമാക്കണം. പോലീസ് കുറച്ചുകൂടി ശുഷ്‌കാന്തി കാണിക്കണം. വിദേശ രാജ്യങ്ങളിലെ നിയമം ഇവിടെയും കൊണ്ടുവരണം. പെട്ടിക്കടകളിലും മറ്റും പുകവലിക്കാനുള്ള അവസരം ഉണ്ട്. അത് ഇല്ലാതാക്കണം-അദ്ദേഹം പറഞ്ഞു.