മലപ്പുറം: കേരളത്തിലെ പുകവലിക്കാര്‍ നാലുവര്‍ഷംകൊണ്ട് സര്‍ക്കാരിന് കൊടുത്തത് 55 കോടി. പൊതുശല്യമായി മുദ്രകുത്തപ്പെട്ടതാണെങ്കിലും സര്‍ക്കാര്‍ ഖജനാവിന് ഇക്കൂട്ടര്‍ നല്‍കിയത് ചില്ലറയൊന്നുമല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കും. പൊതുസ്ഥലത്ത് പുകവലിച്ചതിന് പിഴയിനത്തില്‍ ഈടാക്കിയതാണ് ഈ കോടികള്‍.
 
കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കെടുത്താല്‍ ഓരോവര്‍ഷവും പുകവലി ഉപയോഗം വര്‍ധിക്കുന്നതായും കാണാം. സര്‍ക്കാരിലേക്കെത്തുന്ന പിഴത്തുകയിലും ഈ വര്‍ധന വ്യക്തമാണ്. ബസ്സ്റ്റാന്‍ഡ്, സിനിമാതിയേറ്റര്‍, ആസ്​പത്രി തുടങ്ങിയ സ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്നാണ് പിഴയീടാക്കുന്നത്.
 
ഒരാളില്‍നിന്ന് 200 രൂപയാണ് ഈടാക്കുക. എക്‌സൈസ്, പോലീസ് വിഭാഗങ്ങളാണ് ഇത്തരം നിയമലംഘനം നടത്തുന്നവരില്‍നിന്ന് പിഴയീടാക്കുന്നത്. 2013-ല്‍ 4,39,58,450 രൂപ മാത്രമാണ് പിഴയിനത്തില്‍ സര്‍ക്കാരിലെത്തിയത്. 2014-ല്‍ ഇത് 10,09,94,300 ആയി വര്‍ധിച്ചു. 2015-ല്‍ 18,48,64,700 രൂപയാണ് പിഴയീടാക്കിയത്. 2016-ല്‍ 22,02,42,900 രൂപയാണ് പിഴയിനത്തില്‍ ഖജനാവിലെത്തിയത്.
 
ഉപയോഗം കൂടുന്നതിനനുസരിച്ച് പരിശോധനകളും ശക്തമാക്കുന്നതാണ് പിഴത്തുക കൂടുന്നതിന് കാരണമായി എക്‌സൈസ് വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും പ്രത്യേക പരിശോധനയുണ്ട്. 'ഓപ്പറേഷന്‍ ഭായ്' എന്ന പേരിലാണിത്. ബോധവത്കരണത്തോടൊപ്പം നിയമലംഘനത്തിന് പിഴയീടാക്കുകയും ചെയ്യും.

കോട്പ ആക്ട് എന്നാല്‍?
2012 മേയിലാണ് സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്‌സ് ആക്ട് (കോട്പ) പ്രകാരം പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള നിയമനടപടികള്‍ സംസ്ഥാനത്ത് കര്‍ശനമാക്കിയത്. 2003-ലാണ് രാജ്യത്ത് കോട്പ ആക്ട് നിലവില്‍വന്നത്. സിഗരറ്റ്, മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പൊതുസ്ഥലത്ത് പുകവലിക്കുന്നതിലൂടെ പുകവലിക്കാത്തവര്‍ക്കും മാരക രോഗങ്ങളുണ്ടാകാനുള്ള സാധ്യത തടയാനും ഇത് ലക്ഷ്യമിടുന്നു.