ഗാന്ധിനഗർ: പൊള്ളലേറ്റവരിലും അപകടത്തിൽപ്പെട്ടവർക്കും ചർമ്മം മാറ്റിവെക്കലിനുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളേജിലും. ഇതിനായി ഇവിടെ ത്വക് ബാങ്ക് വരും. കേരളത്തിൽ ഇതാദ്യമാണ്. അംഗീകാരത്തിനും ലൈസൻസ് അടക്കമുള്ള നടപടികൾക്കും തുടക്കമായി. ആറു മാസത്തിനുള്ളിൽ പ്രവർത്തിച്ചുതുടങ്ങും.

അപകടത്തിൽ പരിക്കേറ്റും പൊള്ളലേറ്റും എത്തുന്നവർക്ക് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ചർമ്മം എടുത്ത് വെക്കാറുണ്ട്. എന്നാൽ കൂടുതൽ ഭാഗത്ത്‌ പരിക്കേറ്റാൽ ഇത് സാധിക്കില്ല. ഇത് ചികിത്സയെ മോശമായി ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ത്വക് ബാങ്ക് എന്ന സംവിധാനത്തിന്റെ പ്രസക്തി.

മരിച്ചവരിൽനിന്ന് കണ്ണിന്റെ കോർണിയ എടുക്കുന്നതുപോലെ ശരീരചർമ്മവും എടുക്കാൻ സാധിക്കും. ചർമ്മം ദീർഘകാലം സൂക്ഷിക്കാനും ഉപയോഗിക്കാനും സാധിക്കും. കോർണിയ പോലെ, എടുക്കുന്നവരുടെയോ സ്വീകരിക്കുന്നവരുടെയോ രക്തഗ്രൂപ്പ് പ്രശ്നമില്ല. ആർക്കും ആരുടെയും ഉപയോഗിക്കാം. കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗം ബ്ലോക്കിലാണ് ത്വക് ബാങ്ക് തുടങ്ങുന്നത്. സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ആർ.എം.ഒ. അർ.പി.രഞ്ജിൻ, അത്യാഹിതവിഭാഗം സൂപ്രണ്ട് ഡോ. രാജേഷ് പവിത്രൻ എന്നിവരാണ് ചുമതലക്കാർ.