ഓച്ചിറ : ഓച്ചിറ പായിക്കുഴി സംഗമത്തിൽ എൻ.ഗോപിനാഥൻ പിള്ള എൺപത്തഞ്ചാം വയസ്സിലും പാർട്ടി പ്രവർത്തനങ്ങളിൽ സക്രിയം. സി.പി.എം. വലിയകുളങ്ങര-ബി ബ്രാഞ്ച് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയാണ് ഗോപിനാഥൻ പിള്ള. നാലാംതവണയാണ് ഇവിടെ സെക്രട്ടറിയാകുന്നത്. മുൻപ്‌ രണ്ടുതവണ ചവറ കുളങ്ങരഭാഗം ബ്രാഞ്ച്‌ സെക്രട്ടറിയായിരുന്നു. കർഷകസംഘം ഓച്ചിറ പടിഞ്ഞാറ് വില്ലേജ് കമ്മിറ്റി പ്രസിഡന്റായും ശൂരനാട് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.

വലിയകുളങ്ങര ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റായി നാലുതവണയും സെക്രട്ടറിയായി രണ്ടുതവണയും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദേവസ്വം കൺവീനറാണ്. പായിക്കുഴി 1825-ാം നമ്പർ എൻ.എസ്.എസ്.കരയോഗം മുൻ സെക്രട്ടറിയായ ഗോപിനാഥൻ പിള്ള ഇപ്പോൾ കാര്യനിർവഹണസമിതി അംഗമാണ്. ചവറ കൊറ്റൻകുളങ്ങര ദേവി തിേയറ്റർ ഉടമയായിരുന്ന ഗോപിനാഥൻ പിള്ള ആദ്യകാലത്ത് ആലപ്പുഴ ഉദയ സ്റ്റുഡിയോയിൽ ഫിലിം റെപ്രസന്റേറ്റീവായും പ്രവർത്തിച്ചിട്ടുണ്ട്. വത്സലയാണ് ഭാര്യ. സുനിൽ, അനിൽ, സിന്ധു എന്നിവർ മക്കളും.