കൊച്ചി: പഠനം പൂർത്തിയാകാൻ ഇനി ആറുമാസം മാത്രമാണുള്ളത്. പക്ഷേ, നാലു സെമസ്റ്ററിലെ പരീക്ഷ എഴുതി തീർക്കാനുണ്ട്. എം.ജി. സർവകലാശാലയ്ക്ക് കീഴിലെ ത്രിവത്സര എൽ.എൽ.ബി. വിദ്യാർഥികളുടെ അവസ്ഥയാണിത്. 2018-21 ബാച്ചിലെ വിദ്യാർഥികളുടെ രണ്ട് സെമസ്റ്റർ പരീക്ഷകൾ മാത്രമാണ് നടന്നത്.

ശേഷിക്കുന്ന ആറുമാസം കൊണ്ട് നാലു സെമസ്റ്ററിലെ പരീക്ഷ എഴുതി തീർക്കുന്നത് എങ്ങനെയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. പരീക്ഷ പൂർത്തിയാക്കി മൂല്യനിർണയം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുമ്പോഴേക്കും ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെയുള്ള അവസരം നഷ്ടമാകുമോയെന്നും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. ഇവരുടെ കോഴ്‌സ് ഒക്ടോബറിൽ പൂർത്തിയാകേണ്ടതാണ്. നിലവിലെ സാഹചര്യത്തിൽ ഈ സമയത്തിനകം പരീക്ഷയൊന്നും പൂർത്തിയാകാൻ സാധ്യതയില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

പരീക്ഷയെന്ന പേരിൽ വിദ്യാർഥികൾക്ക് അമിത ഭാരം നൽകരുതെന്ന ആവശ്യം ഒരു വിഭാഗം രക്ഷിതാക്കളും അധ്യാപകരും ഉന്നയിക്കുന്നുണ്ട്. വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. പരീക്ഷകൾ എല്ലാം ഒരുമിച്ച് നടത്തുന്നതിനു പകരം അസൈൻമെന്റുകൾ നൽകുകയോ ഓപ്പൺ ബുക്ക് എക്സാം നടത്തുകയോ റിസർച്ച് പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാമെന്നാണ് ഇവർ നിർദേശിക്കുന്നത്.

2018-ൽ പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിന് ചേർന്ന വിദ്യാർഥികൾക്ക് മൂന്ന് സെമസ്റ്റർ വരെയാണ് പരീക്ഷ നടന്നിട്ടുള്ളത്. ഇതിൽ ആദ്യ സെമസ്റ്ററിന്റെ ഫലം മാത്രമാണ്‌ വന്നത്. ഇപ്പോൾ ആറാം സെമസ്റ്ററിൽ പഠിക്കുന്ന ഈ വിദ്യാർഥികളും പരീക്ഷയെ കുറിച്ച് ആശങ്കയിലാണ്.

പരീക്ഷ 28-നു ശേഷം

പരീക്ഷകൾ നടത്താൻ നിശ്ചയിച്ചതാണെങ്കിലും ലോക്ഡൗൺ സാഹചര്യത്തിലാണ് മാറ്റിെവച്ചതെന്ന് എം.ജി. സർവകലാശാല പരീക്ഷാ കൺട്രോളർ അറിയിച്ചു. 28-നു ശേഷം പരീക്ഷ നടത്താൻ സർക്കാർ സമ്മതിച്ചിട്ടുണ്ട്. അതിനുശേഷം പരീക്ഷകളെല്ലാം നടത്തും. കുട്ടികൾക്ക് പഠിക്കാനുള്ള സമയം നൽകിക്കൊണ്ട് പരമാവധി വേഗം പരീക്ഷ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.