തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇനിമുതൽ ആറുമാസം (26 ആഴ്ച) ശമ്പളത്തോടെ അവധി കിട്ടും. മെറ്റേണിറ്റി ബെനഫിറ്റ് നിയമപ്രകാരമുള്ള പ്രസവാവധിയുടെ പരിധിയിൽ ജീവനക്കാരെ ഉൾപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തിനു കേന്ദ്രസർക്കാർ അനുമതി നൽകി. സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ പ്രസവാവധി കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.

അവധികൂടാതെ ചികിത്സാ ആവശ്യങ്ങൾക്ക് തൊഴിലുടമ 1000 രൂപ അനുവദിക്കും. ഓഗസ്റ്റ് 29-നു ചേർന്ന മന്ത്രിസഭായോഗമാണു വിജ്ഞാപനമിറക്കാൻ കേന്ദ്രത്തിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്.

ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർക്കും നിയമം ബാധകമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. അൺ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് മിനിമംവേതനം നിശ്ചയിക്കാനുള്ള നടപടികളുമായി വിദ്യാഭ്യാസവകുപ്പ് മുന്നോട്ടുപോവുകയാണ്. ഇതിനിടെയാണു പ്രസവാവധിക്കുള്ള അംഗീകാരം.

Content Highlights: Six month Maternity leave in unaided education sector