തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ഒമ്പതു വർഷത്തിനിടെ ഒരുവീട്ടിലെ ആറു പിഞ്ചുകുട്ടികൾ മരിച്ചതിൽ ദുരൂഹത. ചൊവ്വാഴ്ച രാവിലെ 93 ദിവസം പ്രായമായ ആറാമത്തെ കുട്ടി മരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ചൊവ്വാഴ്ച മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തു.

തിരൂർ ചെമ്പ്ര റോഡിൽ തറമ്മൽ വീട്ടിൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളാണു മരിച്ചത്. ചൊവ്വാഴ്ച മരിച്ച കുട്ടിയുടെ ദേഹത്ത് ബാഹ്യ പരിക്കുകളൊന്നും കാണാനില്ലെന്നാണ് മൃതദേഹ പരിശോധനാ റിപ്പോർട്ട്. തിരൂർ ജില്ലാ ആശുപത്രിയിലാണ് മൃതദേഹ പരിശോധന നടത്തിയത്. സ്വാഭാവിക മരണമായാണ് പ്രാഥമിക പരിശോധനയിൽ കാണുന്നതെന്ന് പരിശോധന നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം തലവൻ ഡോ. സിറിയക് ജോബ് പറഞ്ഞു.

2011-നു ശേഷമാണ് മരണങ്ങൾ. നാലു പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണു മരിച്ചത്. അഞ്ചു കുട്ടികൾ മരിച്ചത് ഒരു വയസ്സിൽ താഴെയുള്ളപ്പോഴാണ്. ഒരു കുട്ടി മരിച്ചത് നാലര വയസ്സിലും. സംസ്ഥാനത്തിനകത്തും പുറത്തും കുട്ടികളെ ഒട്ടേറെ ഡോക്ടർമാരെ കാണിച്ചിരുന്നുവെന്നും ജനിതക പ്രശ്നമാണ് മരണകാരണമെന്നുമാണ് വീട്ടുകാർ പറയുന്നത്.

ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ഒടുവിലത്തെ കുട്ടി മരിച്ചത്. കുട്ടിയെ അപസ്മാരത്തെ തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് തിരൂർ കോരങ്ങത്ത് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

നാട്ടുകാരിൽ ചിലർ മരണത്തിൽ സംശയമുണ്ടെന്ന് അറിയിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങുന്നത്. കുട്ടികളുടെ പിതാവിന്റെ സഹോദരനും നഗരസഭാ കൗൺസിലറുമായ തറമ്മൽ അഷ്റഫിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഒന്നൊഴികെ മറ്റു മൃതദേഹങ്ങളെല്ലാം ഖബറടക്കിയത് പോലീസ് ഇൻക്വസ്റ്റോ പോസ്റ്റുമോർട്ടമോ നടത്താതെയാണ്.

ഒരു കുട്ടിക്ക് വീട്ടുകാർ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സ നടത്തിയിരുന്നു. ആതവനാട് സ്വദേശിനിയായ സബ്നയെ 2000-ത്തിലാണ് റഫീഖ് വിവാഹംചെയ്തത്.

മരിക്കുമ്പോൾ കുട്ടികളുടെ പ്രായം

ഒന്നാമത്തെ കുട്ടി എട്ടുമാസം

രണ്ടാമത്തെ കുട്ടി 55 ദിവസം

മൂന്നാമത്തെ കുട്ടി 25 ദിവസം

നാലാമത്തെ കുട്ടി മൂന്നുവയസ്സും എട്ടുമാസവും

അഞ്ചാമത്തെ കുട്ടി ആറുമാസം