കൊച്ചി: മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറും അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിൽ ചില ഭാഗങ്ങൾ പുറത്ത്. സ്വപ്നയുടെ ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലേക്കും കേസിൽ തുടർനടപടികളിലേക്കും അന്വേഷണ ഏജൻസികൾ നീങ്ങിയതിൽ പ്രധാനമാണ് ഈ ഡിജിറ്റൽ തെളിവുകൾ.
സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകൾ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കർ നൽകിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകൾ. വേണുഗോപാൽ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളിൽ വ്യക്തമാകുന്നു. ശിവശങ്കർ അറിയാതെ സ്വപ്നയുടെ പണമിടപാടുകൾ വേണുഗോപാൽ വഴി നടന്നിട്ടില്ലെന്നും തെളിയുന്നു. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യംചെയ്യൽ വിവരങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ലോക്കറിനെക്കുറിച്ചുള്ള ആശങ്കകൾ ശിവശങ്കർ ഉന്നയിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കിൽ തിരുവനന്തപുരം നഗരം വിടാനും നാഗർകോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ഉപദേശിക്കുന്നുമുണ്ട്. കേസെടുത്താൽ വേണുഗോപാൽ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീർഘവീക്ഷണവും ചാറ്റിലുണ്ട്. ഇ.ഡി. സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കർ പറഞ്ഞതുപോലെ വേണുഗോപാലിനെ സാക്ഷിയായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സ്വപ്‌നയുടെ പണം ലോക്കറിൽ വെക്കുന്നതിനുമുമ്പ്
28/11/2018
രാവിലെ
11:34 ശിവശങ്കർ: പണം 35 ഉണ്ട്. പ്രത്യേകമായി തിരിക്കേണ്ടി വരുമോ?
11:36 വേണുഗോപാൽ: സ്ഥിരനിക്ഷേപം 30 ഒ.കെ. ആണ്
ഉച്ചയ്ക്ക്
02:42 ശിവശങ്കർ: 3.30-3.40 ആകുമ്പോൾ ഞാനും നിങ്ങളുടെ അടുത്തെത്തും.
*ഈ ചാറ്റിന് ശേഷം സ്വപ്നയും ശിവശങ്കറുംകൂടി വേണുഗോപാലിന്റെ വീട്ടിലെത്തി പണം നിറച്ച ബാഗ് കൈമാറി. 35 ലക്ഷം എന്ന് ശിവശങ്കർ അറിയിച്ചിരുന്നുവെങ്കിലും 30 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ എന്ന് വേണുഗോപാൽ മൊഴി നൽകിയിരുന്നു. 20 ലക്ഷം സ്വപ്നയുടെ പക്കൽ ഉണ്ടായിരുന്നെന്നും ബാഗിൽ എത്ര പണം ഉണ്ടായിരുന്നു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി.
പണം ലോക്കറിൽ വെച്ചുകഴിഞ്ഞ്
30/11/2018
വൈകീട്ട്
04:01 വേണുഗോപാൽ: രണ്ടുമണിക്ക് അവരുടെ സാന്നിധ്യത്തിൽ ലോക്കറിൽ വെച്ചു.
05:05 ശിവശങ്കർ: നന്ദി
05:48 വേണുഗോപാൽ: സർ, മറ്റാരും അടുത്തില്ലാത്തപ്പോൾ എന്നെ വിളിക്കാമോ
05:48 ശിവശങ്കർ: ഒ.കെ.
*എന്തിന് ലോക്കറിൽ വെച്ചു ശിവശങ്കർ എന്ന് ചോദിക്കുന്നില്ല. ലോക്കർ തുടങ്ങാൻ താൻ പറഞ്ഞിട്ടില്ല എന്നാണ് ശിവശങ്കർ അന്വേഷണ ഏജൻസികൾക്ക് കൊടുത്തിരുന്ന മൊഴി. എന്നാൽ, ശിവശങ്കർ പറഞ്ഞിട്ടാണ് ലോക്കർ തുറന്നതെന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റ് നൽകിയ മൊഴി.
Content Highlight: M.Shivashankar Chartered Accountant chat details out