കൊച്ചി: എഫ്.സി.സി. സന്ന്യാസസഭയിൽനിന്ന് പുറത്താക്കിയ നടപടി വത്തിക്കാൻ ശരിവെച്ചതിനാൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് കോൺവെന്റിനോടു ചേർന്നുള്ള ഹോസ്റ്റലിൽ തുടരാൻ അവകാശമില്ലെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

പോലീസ് സംരക്ഷണം തേടി സിസ്റ്റർ ലൂസി കളപ്പുര നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് രാജ വിജയരാഘവൻ. കോൺവെന്റിൽനിന്നും ഒഴിയാൻ സാവകാശം അനുവദിക്കാം, എന്ന് ഒഴിവാകാനാവുമെന്ന് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോൺവെന്റിൽ താമസിക്കാൻ അവകാശമുണ്ടോയെന്നത് പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്നും ഹർജി മുനിസിഫ് കോടതിയുടെ പരിഗണനയിലാണെന്നും സിസ്റ്റർ ലൂസിക്കായി ഹാജരായ അഭിഭാഷകൻ വാദിച്ചു.

മുനിസിഫ് കോടതിയിലെ അന്തിമതീർപ്പ് വരുന്നതുവരെ കോൺവെന്റിൽ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. താമസസ്ഥലം എവിടെയാണെങ്കിലും സിസ്റ്റർ ലൂസിക്ക് പോലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി. പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ ഹോസ്റ്റലിൽ താമസിപ്പിക്കാൻ കഴിയില്ലെന്നാണ് കോൺവെന്റിലെ മദർ സുപ്പീരിയർ കോടതിയെ അറിയിച്ചത്.

content highlights: sister lucy kalappura can not continue in convent hostel- high court