സിംഗൂരിലിപ്പോൾ കാണാനൊന്നുമില്ല. കൊൽക്കത്ത നഗരത്തിൽനിന്ന് 40 കിലോമീറ്റർ ദൂരെയുള്ള സിംഗൂരിൽ വിവാദ കാർനിർമാണ ഫാക്ടറിയുടെ ബാക്കിപത്രം തിരഞ്ഞുചെന്നപ്പോൾ, വഴിവക്കിൽക്കണ്ട രണ്ടുഗ്രാമീണരുടെ മുഖത്ത് അമ്പരപ്പ്. അവരുടെ ചൂണ്ടുവിരലുകൾക്കപ്പുറം കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പുൽക്കാടുകൾ. അതിനിടെ അവിടവിടെ അട്ടിയിട്ട കുറെ കോൺക്രീറ്റ് പൈപ്പുകൾ. ‘‘ഇതാണ് പഴയ കാർഖാന (കാർ ഫാക്ടറി)’’-അവർ പറഞ്ഞു.

അവിടെ തീർന്നു, ബംഗാൾരാഷ്ട്രീയത്തിൽ നന്ദിഗ്രാമിനൊപ്പം വിവാദത്തിന്റെ ഏടുകൾ തീർത്ത സിംഗൂർ സംഭവത്തിന്റെ പുറമേയുള്ള ചിഹ്നങ്ങൾ. 2016-ൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ബംഗാൾസർക്കാർ നിയന്ത്രിത സ്ഫോടനത്തോടെ കാർഫാക്ടറി തകർത്തപ്പോൾ ഒരു രാഷ്ട്രീയചരിത്രത്തിന്റെ ബാക്കിയുണ്ടായിരുന്ന അടയാളംകൂടി മണ്ണിൽ ചേർന്നു.

ബംഗാളിനെ രാഷ്ട്രീയമായി മാറ്റിയ സിംഗൂർ

നന്ദിഗ്രാമിനൊപ്പം സിംഗൂരും ബംഗാൾരാഷ്ട്രീയത്തിൽ വഴിമാറ്റമുണ്ടാക്കിയ രണ്ടുഗ്രാമങ്ങളാണ്. ‘കൃഷി അമദേർ ഭിട്ടി, ഷിൽപോ അമദേർ ഭോബിഷോയത്’ (കൃഷിയാണ് അടിസ്ഥാനം, വ്യവസായമാണ് ഭാവി) എന്നവകാശപ്പെട്ട് വ്യവസായപദ്ധതിക്ക് വഴിയൊരുക്കിയ ഇടതുസർക്കാരിന്റെ നീക്കങ്ങൾക്കുണ്ടായ തിരിച്ചടികളുടെ പ്രതീകങ്ങൾ. ടാറ്റയുടെ നാനോ കാർ നിർമാണത്തിനായുള്ള ഫാക്ടറി സ്ഥാപിക്കാനായി 977 ഏക്കർഭൂമി ഏറ്റെടുത്ത സർക്കാരിന്റെ നടപടികൾക്കെതിരേ ഉയർന്ന പ്രതിഷേധങ്ങളാണ് വഴിത്തിരിവായത്. കർഷകരെ നിർബന്ധിച്ച് കുടിയൊഴിപ്പിച്ചാണ് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തിയതെന്ന് ആരോപിച്ച് മമതാ ബാനർജിയുടെ നേതൃത്വത്തിൽ കർഷകപ്രക്ഷോഭമാരംഭിച്ചു. പ്രക്ഷോഭം കടുത്തപ്പോൾ 2008-ൽ പദ്ധതി ടാറ്റ ഉപേക്ഷിച്ചു. ഭൂമിയേറ്റെടുക്കൽ കോടതിയിലായി. ഇടതുസർക്കാരിന്റെ ക്ഷീണകാലവും മമതയുടെ ക്ഷേമകാലവും തുടങ്ങി.

ആകാശത്തുണ്ട് ‘കാർ’മേഘങ്ങൾ

സിംഗൂർ വിവാദങ്ങൾ ഇക്കുറിയും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാണ്. കാർവിവാദവും വ്യവസായവത്‌കരണവും തൊഴിലില്ലായ്മയുമാണ് സിംഗൂർ മണ്ഡലത്തിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. നേരത്തേ പദ്ധതിയെ എതിർത്ത ടി.എം.സി.യും ബി.ജെ.പി.യും നിലപാട് മയപ്പെടുത്തി വ്യവസായവത്‌കരണത്തിന്റെ അനിവാര്യതയെക്കുറിച്ച് വാചാലരാകുന്നു. തങ്ങൾ എതിർത്തത് വ്യവസായത്തെയല്ല, നിർബന്ധിച്ചുള്ള കുടിയൊഴിപ്പിക്കലിനെയാണെന്ന് ന്യായീകരിക്കുന്നു. കൃഷിയും വ്യവസായവും ഒരുമിച്ചുകൊണ്ടുപോകുമെന്ന് ഇടതുപാർട്ടികളും വിശദീകരിക്കുന്നു.

സിംഗൂർ സംഭവം 14 വർഷം പിന്നിടുമ്പോൾ, ഇവിടുത്തെ തിരഞ്ഞെടുപ്പ് മൂന്നു മുന്നണികൾക്കും നിർണായകമാണ്. സമരത്തിന് പ്രാദേശികനേതൃത്വം നൽകിയ മമതയുടെ വിശ്വസ്തർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഭൂമി ഏറ്റെടുക്കലിനെതിരേ സമരംനയിച്ച മമതയുടെ വലംകൈകളായിരുന്ന രവീന്ദ്രനാഥ് ഭട്ടാചാര്യയും ബെചാരം മന്നയുമാണ് കളംമാറി കളിക്കുന്നത്. പ്രായാധിക്യം ചൂണ്ടിക്കാട്ടി രവീന്ദ്രനാഥ് ഭട്ടാചാര്യയ്ക്ക് ടി.എം.സി. സ്ഥാനാർഥിത്വം നിഷേധിച്ചപ്പോൾ ബി.ജെ.പി.യിലേക്ക് ചേക്കേറി. മുൻസുഹൃത്തായ സംസ്ഥാന കൃഷിമന്ത്രി ബചാരാം മന്നയാണ് ടി.എം.സി. സ്ഥാനാർഥി. സിംഗൂർ തിരിച്ചുപിടിക്കാൻ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സിരിജൻ ഭട്ടാചാര്യയെയാണ് ഇടത്-കോൺഗ്രസ്-ഐ.എസ്.എഫ്. ഇറക്കിയിരിക്കുന്നത്.

‘‘സിംഗൂർ പ്രക്ഷോഭം വ്യവസായത്തിനെതിരേയായിരുന്നില്ല, അത് ബലം പ്രയോഗിച്ച് കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിനെതിരേയായിരുന്നു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ 650 ഏക്കർഭൂമിയിൽ വ്യവസായം കൊണ്ടുവരാൻ ഞാൻ സർക്കാരിൽ സമ്മർദം ചെലുത്തും’’-ബി.ജെ.പി. സ്ഥാനാർഥി രവീന്ദ്രനാഥ് ഭട്ടാചാര്യ പ്രചാരണത്തിനിടെ മാതൃഭൂമിയോട് പറഞ്ഞു. എന്നാൽ, ടി.എം.സി. നേതാവിനെ സ്ഥാനാർഥിയാക്കിയതിൽ ബി.ജെ.പി.യുടെ പ്രാദേശികഘടകത്തിൽ അതൃപ്തി പുകയുകയാണ്.

Content Highlights: singur, West Bengal Assembly Election 2021