തിരുവനന്തപുരം: മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സി.പി.എമ്മിന് മുമ്പിൽവെച്ച് ഒറ്റ അംഗങ്ങളുള്ള ഘടകകക്ഷികൾ. ഐ.എൻ.എൽ., കേരള കോൺഗ്രസ് (ബി), കോൺഗ്രസ് (എസ്), ജനാധിപത്യ കേരള കോൺഗ്രസ് എന്നീ കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടത്.

എന്നാൽ, നിലവിലെ സ്ഥിതിയിൽ മന്ത്രിസ്ഥാനം നൽകാൻ ബുദ്ധിമുട്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും അറിയിച്ചു.

രണ്ടരപ്പതിറ്റാണ്ടിലേറെ ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന പാർട്ടിയെന്ന പരിഗണന മന്ത്രിസഭ രൂപവത്കരണ ഘട്ടത്തിലുണ്ടാകണമെന്ന ആവശ്യമാണ് ഐ.എൻ.എൽ. മുന്നോട്ടുവെച്ചത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും മന്ത്രിസ്ഥാനമെന്ന ആവശ്യം ഉന്നയിക്കാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് (ബി) എന്ന് കെ.ബി. ഗണേഷ് കുമാർ സി.പി.എം. നേതാക്കളോട് പറഞ്ഞു.

ക്രിസ്ത്യൻ വിഭാഗങ്ങളിലേക്ക് ഇടതുപക്ഷത്തെ അടുപ്പിക്കുന്നതിന് തുടക്കമിട്ട പാർട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസെന്ന് ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ രണ്ടുവട്ടമായി ലഭിച്ച പരിഗണന ഇത്തവണയും ഉണ്ടാകണമെന്ന് കോൺഗ്രസ് (എസ്) ആവശ്യപ്പെട്ടു.

സി.പി.ഐ.ക്ക് നാല് മന്ത്രിസ്ഥാനം നൽകണം. ഒറ്റ അംഗങ്ങളുള്ള അഞ്ച് ഘടകകക്ഷികളുണ്ടെന്ന് കക്ഷിനേതാക്കളോട് കോടിയേരി പറഞ്ഞു. അതിനാൽ, എല്ലാവരെയും ഉൾക്കൊണ്ട് മന്ത്രിസഭ രൂപവത്കരിക്കുക എന്നത് പ്രായോഗികമായി നടപ്പാക്കാനാവുന്നതല്ലെന്നും വ്യക്തമാക്കി.

സി.പി.ഐ.യുമായുള്ള ചർച്ചയ്ക്കുശേഷമാകും ഏതെങ്കിലും ഒറ്റ അംഗ കക്ഷികൾക്ക് മന്ത്രിപദം നൽകണമോയെന്നത്‌ നിശ്ചയിക്കുക.

content highlights: single mla parties also demands ministership