ചേർത്തല: സൗഹൃദരാഗം മുഴങ്ങിയ വേദിയിൽ അവർ 60 വർഷം പിന്നിലേക്ക് നടന്നു. ഒരാൾ മലയാളത്തിൻറെ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസ്. മറ്റെയാൾ തൃപ്പൂണിത്തുറ ആർ.എൽ.വി. സംഗീതകോളേജിൽ ഗാനഭൂഷണത്തിൽ സഹപാഠിയായിരുന്ന സംഗീതജ്ഞൻ ഡോ. എൻ. ഗോവിന്ദൻ കുട്ടി.

ചൊവ്വാഴ്ച ഗോവിന്ദൻകുട്ടിയുടെ എൺപതാം പിറന്നാൾ ആഘോഷം. ചേർത്തല ഉഴുവയിലെ പാഞ്ചജന്യം ഹാളായിരുന്നു വേദി. അമേരിക്കയിൽനിന്നാണ് യേശുദാസ് വന്നത്. നേരത്തേ ഫോണിലൂടെ പിറന്നാളാഘോഷത്തിന് എത്തുമെന്ന് കൂട്ടുകാരനെ വിളിച്ചറിയിച്ചിരുന്നു.

സംഗീത കോളേജിലെ ഒരേ ബെഞ്ചിനപ്പുറം തൃപ്പൂണിത്തുറയിലെ ഒരു ലോഡ്ജിന്റെ മച്ചിൻപുറത്ത് ഒന്നിച്ചുണ്ടും ഉറങ്ങിയും കഴിഞ്ഞ പ്രിയ സതീർഥ്യനെ നോക്കി യേശുദാസ് പറഞ്ഞു, ‘എനിക്ക് ഒരുപാട് ഊർജം തന്ന സുഹൃത്താണ്. ഒരുപാട് സുഹൃത്തുക്കളുണ്ട്. സുഹൃത്തക്കളായി അഭിനയിക്കുന്നവരുമുണ്ട്. എന്നാൽ അഭിനയിക്കാതെയും ഒന്നും ആഗ്രഹിക്കാതെയും എന്നുമെന്റെ സുഹൃത്ത് മാത്രമായിരിക്കുന്നയാളാണിത്. ആ സൗഹൃദം ഉലച്ചിലുകളേതുമില്ലാതെ എൺപതു വയസ്സുവരെയെത്തി. അടുത്ത മാസം ഞാനും എൺപതിലേക്കാണ്‘.

തൃപ്പൂണിത്തുറയിൽ ഒരുപാട് കെട്ടിടങ്ങളുണ്ടായിട്ടും കൈയിൽ കാശില്ലാത്തതുകൊണ്ട് ഒരു മച്ചിൻപുറത്താണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ഒരു പായയിലായിരുന്നു ഉറക്കം. സഹനത്തിന്റെ പാഠങ്ങൾ അന്നു ഞാൻ പഠിച്ചു. പിന്നീട് പ്രഭ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴും തുടർന്നങ്ങോട്ടും ആ സഹനപാഠങ്ങൾ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്’- യേശുദാസിതു പറയുമ്പോൾ സദസ്സിൽ ഭാര്യ പ്രഭയുമുണ്ടായിരുന്നു. സൗഹൃദം എന്നും ഇതുപോലെ തന്നെയുണ്ടാകണമെന്ന പ്രാർഥനയോടെയാണ് യേശുദാസ് സംസാരം അവസാനിപ്പിച്ചത്. ഈ സ്നേഹബന്ധം അടുത്തജന്മത്തിലും ഉണ്ടാകണമെന്ന പ്രാർഥനയായിരുന്നു ഗോവിന്ദൻകുട്ടിയുടെ മറുപടി.

ഗാനഭൂഷണം കഴിഞ്ഞ് സംഗീത അധ്യാപനത്തിലേക്ക് തിരിഞ്ഞ ഗോവിന്ദൻകുട്ടി 1995-ൽ ചേർത്തല ടൗൺ എൽ.പി.എസിൽനിന്നാണ് റിട്ടയർ ചെയ്തത്. മുമ്പ്, വിജയ് യേശുദാസിനെ സംഗീതം പഠിപ്പിക്കാൻ യേശുദാസ് ചുമതലപ്പെടുത്തിയതും ഇദ്ദേഹത്തെയാണ്. ചെന്നൈയിലെ യേശുദാസിന്റെ വീട്ടിൽ താമസിച്ചായിരുന്നു അധ്യയനം. 2010-ൽ ഗോവിന്ദൻകുട്ടിയുടെ ഭാര്യ ശാന്തമ്മ മരിച്ചപ്പോൾ ആശ്വാസ വാക്കുകളുമായി ഗാനഗന്ധർവൻ ഉഴുവയിലെ വീട്ടിലെത്തി.

മക്കളും സുഹൃത്തക്കളുമെല്ലാംചേർന്ന് സംഘടിപ്പിച്ച ഗോവിന്ദൻ കുട്ടിയുടെ പിറന്നാളാഘോഷത്തിന് ഇരുവരുടെയും സഹപാഠിയായ സംഗീതജ്ഞ സി.എൻ. പാർവതി, ഗാനരചയിതാക്കളായ ആർ.കെ. ദാമോദരൻ, ചിറ്റൂർ ഗോപി, സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ്, ബിജിബാൽ തുടങ്ങി ഒട്ടേറെ പ്രമുഖരെത്തിയിരുന്നു.

content highlights: singer yesudas attends friends birthday celebration