തിരുവനന്തപുരം: അർധ അതിവേഗതപാതയായ സിൽവർ ലൈൻ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് എതിരാണെന്ന മെട്രോമാൻ ഇ. ശ്രീധരന്റെ പ്രതികരണംകൂടി പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കെ. റെയിൽ എം.ഡി. വി. അജിത്കുമാറിന്റെ പ്രതികരണം.

തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപ്പെടാതിരിക്കാൻ തൂണുകളിലാണ് പാത നിർമിക്കുന്നത്. നിലവിലെ പാളങ്ങൾക്കുള്ള മൺതിട്ട മാത്രമാണ് സിൽവർലൈൻ പാതയ്ക്കുമുള്ളത്. ഇപ്പോഴുള്ള ബ്രോഡ് ഗേജ് സംവിധാനത്തിൽ 160 കിലോമീറ്ററിനു മുകളിൽ വേഗം കൈവരിക്കാനുള്ള സംവിധാനമില്ലാത്തതുകൊണ്ടാണ് പുതിയ പാത വേണ്ടി വരുന്നത്.

തിരക്കില്ലാത്ത സമയങ്ങളിലാണ് റോറോ സംവിധാനത്തിൽ ചരക്കു ലോറികൾ സിൽവർ ലൈൻ ഉപയോഗിക്കുക. ട്രാക്കിന്റെ അറ്റക്കുറ്റപ്പണികൾക്കു ശേഷമുള്ള സമയത്താകും ഇത്. 74 യാത്രാവണ്ടികൾ ഓടുന്ന സിൽവർ ലൈനിൽ വെറും ആറു ചരക്കു വണ്ടികൾ മാത്രമാണ് ഓടിക്കുന്നത്.

അഞ്ചുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കും. 63,941 കോടിരൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖയ്ക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ടെന്നും കെ-റെയിൽ എം.ഡി. അറിയിച്ചു.

കാസർകോടുമുതൽ തിരൂർവരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് സിൽവർ ലൈൻ വരുന്നത്. തിരൂർ മുതൽ തിരുവനന്തപുരംവരെ അനേകം വളവുകളും മറ്റുമുള്ളതിനാൽ സമാന്തരപാത സാധ്യമല്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഈ മേഖലയിൽ പുതിയ പാത ആസൂത്രണംചെയ്തത്.

കെ-റെയില്‍ കൈയൂക്കുകൊണ്ട് നടപ്പാക്കാനാവില്ല -ഉമ്മന്‍ ചാണ്ടി   

തിരുവനന്തപുരം: കൈയൂക്കുകൊണ്ട് കെ-റെയില്‍ പദ്ധതി നടപ്പാക്കാനാണു ഭാവമെങ്കില്‍ അതിന് കനത്തവില നല്‍കേണ്ടിവരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കര്‍ഷക സമരത്തിനു മുന്നില്‍ അടിയറവ് പറയേണ്ടിവന്ന പ്രധാനമന്ത്രിയുടെ മലക്കംമറിച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള മുന്നറിയിപ്പാണ്. സാമൂഹികാഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ കെ-റെയില്‍ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിലവിലെ റെയില്‍പ്പാതയോടു ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ വളവുകള്‍ നേരെയാക്കിയും സിഗ്നലിങ് സമ്പ്രദായം നവീകരിച്ചും കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട റെയില്‍ യാത്രാ സൗകര്യം നല്‍കാന്‍ കഴിയുന്ന റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് (സബര്‍ബന്‍ റെയില്‍) പദ്ധതി യു.ഡി.എഫിന്റെ കാലത്ത് അംഗീകരിച്ചതാണ്. സിഗ്നലിങ് സമ്പ്രദായം പരിഷ്‌കരിക്കാന്‍ 8000 കോടിക്കു താഴെ ചെലവാക്കിയാല്‍ മതി. ഇതു പരിശോധിക്കാതെയാണ് ഒരുലക്ഷം കോടിയിലധികം ചെലവഴിച്ച് പുതിയ പദ്ധതി നടപ്പാക്കാന്‍ നിര്‍ബന്ധബുദ്ധി കാണിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെക്കുവടക്ക് എക്‌സ്പ്രസ് ഹൈവേയുടെ നിര്‍ദേശം െവച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത സി.പി.എം. സില്‍വര്‍ ലൈനിന്റെ വക്താക്കളായി മാറുന്നത് അദ്ഭുതകരമാണ്. അന്ന് ജനാഭിലാഷം മാനിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ അതില്‍നിന്നു പിന്മാറുകയാണു ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Content Highlights :  K-Rail Project will be completed within 5 yrs: K-Rail MD