കോട്ടയം: സിൽവർലൈൻ ഭൂമി ഏറ്റെടുക്കലിന്റെ സർവേ പൂർത്തിയാക്കാതെ വിശദമായ പദ്ധതി റിപ്പോർട്ട്(ഡി.പി.ആർ.) തയ്യാറാക്കിയതിനാൽ പാതയുടെ ഘടനയിൽ ഇനിയും മാറ്റംവരുമോയെന്ന് ആശയക്കുഴപ്പം. മൂന്ന് പഠനങ്ങളാണ് കെ-റെയിൽ നടത്തിയത്. മൂന്നിലും പാതയുടെ ഘടന മൂന്നുവിധമാണ്. ഭൂമിയുടെ അന്തിമ സർവേ റവന്യൂ വിഭാഗം പൂർത്തിയാക്കുമ്പോൾ ഇനിയും മാറ്റം വന്നേക്കാമെന്ന ആശങ്ക ബാക്കി.

ഇതിനകം തയ്യാറാക്കിയ മൂന്ന് പദ്ധതി റിപ്പോർട്ടുകളിലും മേൽപ്പാലം, സാധാരണതറയിൽ ഉറപ്പിച്ച പാതയുടെ ദൂരം എന്നിവയിൽ വലിയ വ്യത്യാസങ്ങളുണ്ട്. 2019 മാർച്ചിൽ തയ്യാറാക്കിയ പ്രാഥമിക രൂപരേഖയിൽ പാത കടന്നുപോകുന്നത് 68.4 ശതമാനവും പാലം, തൂണിലെ ആകാശപ്പാലം എന്നിവയിലൂടെയായിരുന്നു. 17 ശതമാനം പാളമാണ് സാധാരണ നിരപ്പിലൂടെ പോയിരുന്നത്. അതേവർഷം മേയിൽ അന്തിമരൂപരേഖ തയ്യാറാക്കിയപ്പോൾ 44.48 ശതമാനം പാതയും സാധാരണ ഭൂനിരപ്പിലൂടെയായി. 2020-ൽ വിശദ റിപ്പോർട്ടിൽ ഇത് 55 ശതമാനമായി കൂടി. ആകാശപാത അതനുസരിച്ച് കുറഞ്ഞുംവന്നു.

ചെലവുകുറയ്ക്കാനാണ് ഇൗ മാറ്റമെന്ന് പഠനം നടത്തിയ സിസ്ട്ര എന്ന ഏജൻസി വ്യക്തമാക്കിയിരുന്നു. പക്ഷേ, പാരിസ്ഥിതിക ആഘാതം കുറയ്‌ക്കാനാണ് ആദ്യ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ മേൽപ്പാലങ്ങളും പാലങ്ങളും കൂടുതലായി നിർദേശിച്ചതെന്ന് സൂചനയുണ്ട്. പിന്നീട് ചെലവുകുറയ്ക്കാൻ പാരിസ്ഥിതികാഘാതം കൂട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ മാറി. മൂന്ന് റിപ്പോർട്ടുകളുംവെച്ച് പരിസ്ഥിതി പ്രവർത്തകരായ ശ്രീധർ രാധാകൃഷ്ണൻ, ജയരാമൻ, എം.സുചിത്ര എന്നിവർ വിശദ താരതമ്യം നടത്തിയിരുന്നു. മാറ്റങ്ങൾ വരുത്തിയത് കാര്യമായ പഠനങ്ങൾ വരുത്താതെയാണെന്ന് അവരും ചൂണ്ടിക്കാട്ടി.

ദൂരത്തിലെ വ്യത്യാസം ഇങ്ങനെ

വിഭാഗം ആദ്യ റിപ്പോർട്ട് അവസാന റിപ്പോർട്ട് വിശദറിപ്പോർട്ട്

പൂർണതുരങ്കം 4.6 കി.മീ. 2.43 കി.മീ. 11.52 കി.മീ.

തൂണിലുള്ള പാത 361 കി.മീ. 53.030 കി.മീ. 88.412 കി.മീ.

പാലം ഇല്ല 12.045 കി.മീ. 12.99കി.മീ.

സാധാരണ തറയിലൂടെ 89.5 കിമീ. 236.33 കി.മീ. 292.72കി.മീ.

മലയും ചരിവും കട്ടിങ് 72.6കിമീ. 200.20 കിമീ. 101.73 കിമീ.

സംരക്ഷണം നൽകേണ്ട കട്ടിങ് ഇല്ല 23.41 കി.മീ. 24.78കി.മീ.

ചാഞ്ചാട്ടങ്ങൾ

സർവേ നടക്കുന്നതേയുള്ളൂവെന്ന് അധികൃതർ പറയുന്നു. അപ്പോൾ വിശദ പഠനറിപ്പോർട്ട് എങ്ങനെ തയ്യാറായി? ആദ്യ പാരിസ്ഥിതികാഘാത റിപ്പോർട്ട് മാറ്റിവെച്ച് പുതിയ ഏജൻസിയെ ഏല്പിച്ചിട്ടുണ്ട്, അത് പൂർത്തിയായിട്ടില്ല. മൂന്ന് പഠനങ്ങളിൽ കണക്കുകളിൽവന്ന മാറ്റങ്ങൾ അമ്പരിപ്പിക്കുന്നതാണ്. ഇനിയും മാറ്റംവരില്ലെന്നും ഉറപ്പില്ല.

-എം.ടി.തോമസ്, ആക്ഷൻ കൗൺസിൽ രക്ഷാധികാരി.

Content Highlights : Structure of the K Rail will change further as a detailed project report (DPR) has been prepared without completing the land acquisition survey