തിരുവനന്തപുരം: ജീവനക്കാരുടെ പ്രതിഷേധത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ പുതിയ കമ്പനിയായ സ്വിഫ്റ്റിന് പിറവി. തിരുവനന്തപുരം ആനയറയിൽ ആസ്ഥാനമന്ദിരവും സൂപ്പർ ക്ലാസ് ബസ് ടെർമിനലും മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവേദിയിൽ പ്രതിഷേധിച്ച കെ.എസ്.ടി. എംപ്ലോയീസ് സംഘ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി.

സ്ഥാപനത്തെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് പരിഷ്കാരങ്ങളെന്നും തൊഴിലാളികൾ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ അവസ്ഥയിൽ മറ്റെങ്ങുനിന്നും കടമെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് സ്വിഫ്റ്റ് രൂപവത്കരിച്ചത് -എ.കെ. ശശീന്ദ്രൻ പറഞ്ഞു.

സ്വിഫ്റ്റിന്റെ ലോഗോ അധ്യക്ഷനായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. ആനയറയിലെ പുതിയ സൂപ്പർ ക്ലാസ് ബസ്‌ടെർമിനലിൽനിന്ന് എറണാകുളം വഴിയും കോട്ടയം വഴിയും ഓരോ മണിക്കൂർ ഇടവിട്ട് ബസുകളുണ്ടാകും. ദേശീയ പാതവഴി 96 സർവീസുകളും എം.സി. റോഡ് വഴി 40 സർവീസുകളുമാണ് നടത്തുന്നത്. 200 ജീവനക്കാർ വേണ്ടിവരും. ജീവനക്കാർക്ക് കോഴിക്കോട്ട് വിശ്രമസൗകര്യമൊരുക്കും.

കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജുപ്രഭാകർ, നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Content Highlights: SIFT, KSRTC's new company