കണ്ണൂർ: എം.എസ്.എഫ്. നേതാവ് അരിയിൽ ഷുക്കൂറിന്റെ കൊലപാതകം പ്രതികാരത്തിന്റെ തീവ്രതയിൽ പരസ്യമായി നടപ്പാക്കിയ വധശിക്ഷയാണെന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. പട്ടാപ്പകൽ വയലിൽ നിരവധി ആൾക്കാർ നോക്കിനിൽക്കേ ഷുക്കൂറിനെ അക്രമികൾ വെട്ടിവീഴ്ത്തുകയായിരുന്നു. നേരത്തേ അക്രമികളെ കണ്ട് ഭയന്ന് ഒരു വീട്ടിൽ കയറിയൊളിച്ച ഷുക്കൂറിനെയും സുഹൃത്തുക്കളെയും വിചാരണചെയ്ത് പിടിച്ചുകൊണ്ടുപോയ ശേഷമാണ് കൊല നടത്തിയത്.
ചെറിയ സമയത്തിനുള്ളിൽ വ്യക്തമായ ആസൂത്രണമാണ് പ്രതികൾ നടത്തിയത്. പ്രാദേശിക നേതാക്കളുടെ നിർദേശവും അതിനു പിന്നിലുണ്ടായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.
2012 ഫെബ്രുവരി 29-ന് മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ അരിയിൽ സംഘർഷവും സി.പി.എം. പ്രവർത്തകർക്കുനേരെ അക്രമവും ഉണ്ടായിരുന്നു. ഇക്കാര്യം പിന്നീട് അന്വേഷിക്കാൻ പോയ സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ. എന്നിവർ സഞ്ചരിച്ച കാർ ആക്രമിക്കപ്പെട്ടു. ജയരാജനെ ആക്രമിച്ചതറിഞ്ഞതോടെ പ്രാദേശിക സി.പി.എം. പ്രവർത്തകർ രോഷാകുലരായി. അക്രമം നടത്തിയവരെ പിടികൂടി നന്നായി കൈകാര്യം ചെയ്യണമെന്ന് ആക്രോശവും ഉയർന്നു. അതിനിടെ കൊല്ലപ്പെട്ട ഷുക്കൂറും സുഹൃത്തുക്കളും അക്രമം ഭയന്ന് കീഴറഭാഗത്തേക്ക് പോയി. തുടർന്ന് അവർ മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട്ടിൽ അഭയം തേടി. അക്രമികൾ വീട്ടിൽ അതിക്രമിച്ചുകയറി ‘ജയരാജനെയും ടി.വി. രാജേഷിനെയും ആക്രമിച്ചത് നിങ്ങളല്ലേ’ എന്നുചോദിച്ച് മൊബൈലിൽ ഫോട്ടോയെടുക്കുകയും പേരെഴുതിയെടുക്കുകയും ചെയ്തു. പലരോടും ഫോണിൽ വിളിച്ചുചോദിക്കുകയും ചെയ്തു.
ഏറെ സമയത്തിനുശേഷം പലരെയും ഫോട്ടോ കാണിച്ച് ബോധ്യംവന്നശേഷം കുറ്റവാളികൾ എന്നുകണ്ടെത്തിയ രണ്ടുപേരെ വയലിലേക്ക് കൊണ്ടുപോയി. അവിടെ അപ്പോൾ ഒട്ടേറെയാളുകൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു. സക്കരിയക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റു. ഈ സമയം ഷുക്കൂർ കുതറിയോടി. ഓടുമ്പോൾ പിന്നിൽനിന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. സക്കരിയയെ പോലീസ് പിന്നീട് രക്ഷപ്പെടുത്തി. ഷുക്കൂർ വയലിൽത്തന്നെ വെട്ടേറ്റുവീണു. ആരും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. അവിടെത്തന്നെ ചോരവാർന്ന് ഷുക്കൂർ മരിച്ചു.
സംഭവം നടക്കുമ്പോൾ പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ളവർ തളിപ്പറമ്പിലെ സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു. അവർ കിടന്ന മുറിയിൽവെച്ചാണ് വധഗൂഢാലോചന നടന്നതെന്നും അവിടെവെച്ചാണ് പ്രാദേശിക നേതാവ് ഷുക്കൂറിനെ കൊല്ലാൻ ഫോണിൽ നിർദേശിച്ചതെന്നും ഇതറിഞ്ഞിട്ടും തടഞ്ഞില്ലെന്നുമാണ് പോലീസ് നൽകിയ കുറ്റപത്രത്തിൽ. കൊല നടക്കുമെന്നറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ലെന്നുമാത്രമല്ല വധഗൂഢാലോചനയിൽ പങ്കാളികളായി എന്നാണ് സി.ബി.ഐ. കുറ്റപത്രത്തിൽ ആരോപിക്കുന്നത്.
content highlights: shukkoor murder case