കൊച്ചി: സര്‍ക്കാരിനും സി.പി.എമ്മിനും ശക്തമായ തിരിച്ചടി നല്‍കി മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടു. പോലീസിനെതിരേ ഗുരുതരമായ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കൊലയ്ക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നും ഇത് സി.ബി.ഐ.ക്കു മാത്രമേ കഴിയൂ എന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു.

''എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ സൗഹൃദബന്ധമാണുള്ളതെന്ന് പരസ്യമായ രഹസ്യമാണ്. അണികള്‍ക്കിടയില്‍ സ്ഥിതി അതല്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്​പര്‍ധ നിലനിര്‍ത്താന്‍ മസ്തിഷ്‌കപ്രക്ഷാളനം നടക്കുന്നുണ്ടെന്നുവേണം കരുതാന്‍. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ നേതാക്കള്‍ പ്രവര്‍ത്തകരെ കരുക്കളാക്കുകയാണ്. ഈ നാടകം ഇനി അനുവദിക്കാനാവില്ല.

കണ്ണൂര്‍ മേഖലയിലെ രാഷ്ട്രീയക്കൊലകള്‍ക്ക് അവസാനംവേണം. ഷുഹൈബ് വധക്കേസില്‍ രാഷ്ട്രീയഎതിരാളികളെ വകവരുത്താന്‍ അണികളെ ഉപയോഗിക്കാന്‍ കഴിവുള്ളവര്‍ ഈ കൊലപാതകത്തിനുപിന്നിലുണ്ടാകാം. മേഖലയിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ മൂലം പാര്‍ട്ടികള്‍ക്ക് ഒന്നും സംഭവിക്കുന്നില്ല. കൊല്ലപ്പെടുന്ന വ്യക്തികളുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടം. ആ കുടുംബം അക്ഷരാര്‍ഥത്തില്‍ തെരുവിലിറക്കപ്പെടുകയാണ്. ഈ കേസ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ കണ്ണുതുറപ്പിക്കാന്‍ സഹായകമാകുമെങ്കില്‍ നന്നായി. ഈ കൊലപാതകങ്ങള്‍ അവസാനിക്കട്ടെ''- വിധിന്യായം പറഞ്ഞശേഷം കോടതി അഭിപ്രായപ്പെട്ടു.

സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കളായ സി.പി. മുഹമ്മദും എസ്.പി. റസിയയും നല്കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാനവിധി. ജോലിഭാരമുണ്ടെങ്കിലും കോടതി ഉത്തരവിട്ടാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ. ബോധിപ്പിച്ചു.

കേസന്വേഷണം സി.ബി.ഐ.ക്കുവിടാന്‍ സിംഗിള്‍ബെഞ്ചിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി തള്ളി. ശരിയായ അന്വേഷണം നീതിനിര്‍വഹണത്തിന്റെ ഭാഗമാണ്. നീതിയുക്തമായ വിചാരണപോലെ പ്രധാനമാണിതും. പ്രാദേശിക പോലീസിന്റെ അന്വേഷണത്തിലൂടെ നീതികിട്ടില്ലെന്ന ഹര്‍ജിക്കാരുടെ വാദം തള്ളിക്കളയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രധാന നിരീക്ഷണങ്ങള്‍

സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റ് കേസില്‍ എത്രയുംവേഗം കാര്യക്ഷമമായ അന്വേഷണം നടത്തണം. പ്രതികള്‍ക്കെതിരേ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമുള്ള (യു.എ.പി.എ.) കുറ്റം ചുമത്തേണ്ടതാണ്. സി.ബി.ഐ.ക്ക് സര്‍ക്കാര്‍ എല്ലാസൗകര്യങ്ങളും ഒരുക്കണം. പ്രത്യേകാന്വേഷണസംഘം വിവരങ്ങള്‍ സി.ബി.ഐ.യെ ധരിപ്പിക്കണം. രേഖകള്‍ കൈമാറണം.

കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും ലോക്കല്‍ പോലീസിന്റെ കൈ കെട്ടിയിട്ടപോലെയാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് സംശയിക്കുന്നു. അറസ്റ്റിലായ ഒന്നാംപ്രതിക്ക് സി.പി.എമ്മിലെ ഉന്നതനേതാക്കളോട് വളരെ അടുപ്പമുണ്ടെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. പോലീസന്വേഷണം തുടര്‍ന്നാല്‍ ഒരോ ദിവസവും തെളിവുകള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. കേസിലെ ഗൂഢാലോചന നടത്തിയവരെ പുറത്തുകൊണ്ടുവരാന്‍ ഇത് തടസ്സമാകും.

കേസില്‍ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. പ്രതികളെ പിടികൂടിയതും ആയുധം പിടിച്ചെടുത്തതും ഉള്‍പ്പെടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഇതേക്കുറിച്ച് സംശയങ്ങളുയരുന്നതായി കോടതി വിലയിരുത്തി.

കേസിലെ ഒന്നും രണ്ടും പ്രതികളെ ഫെബ്രുവരി 18 -ന് അറസ്റ്റ് ചെയ്‌തെങ്കിലും അന്ന് ആയുധങ്ങളൊന്നും കിട്ടിയില്ലെന്നതില്‍ അവിശ്വസനീയതയുണ്ട്. പ്രതികള്‍ ബോംബും മാരകായുധങ്ങളുമായാണ് എത്തിയതെന്ന് സംഭവത്തെക്കുറിച്ച് ആദ്യവിവരം നല്‍കിയവരുടെ മൊഴിയിലുണ്ട്. എന്നിട്ടും ആയുധം കണ്ടെടുക്കാനാവാതിരുന്നത് അന്വേഷണത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.

കൊലയ്ക്കുപിന്നില്‍ വിപുലമായ ഗൂഢാലോചനയുണ്ടെന്ന ആശങ്കയാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. ആ വാദം തള്ളാനാവില്ല. കേസില്‍ ആദ്യം അറസ്റ്റിലായവര്‍ക്ക് ഷുഹൈബുമായി ശത്രുതയില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ശത്രുതയില്ലെങ്കില്‍ അവര്‍ മറ്റാരുടെയോ കൈയിലെ കരുക്കളാണെന്ന് കരുതേണ്ടിവരും. കൊലയ്ക്കുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും കാണാമറയത്താണ്. സംഭവത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ചുകൂടി അന്വേഷണം ആവശ്യമാണ്.

യു.എ.പി.എ. കുറ്റം ചുമത്തേണ്ടതാണെന്ന് കോടതി

കൊച്ചി: ഷുഹൈബ് വധക്കേസില്‍ ബോംബുപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളുടെ പേരില്‍ യു.എ.പി.എ. ചുമത്തേണ്ടതാണെന്ന് ഹൈക്കോടതി. വിവേചനമില്ലാതെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന് പോലീസ് പറയുന്നു. റിമാന്‍ഡ് റിപ്പോര്‍ട്ടിലും അക്കാര്യമുണ്ട്. നാട്ടുകാരെ സംഭവസ്ഥലത്തുനിന്ന് അകറ്റിനിര്‍ത്താനും അവര്‍ ഇടപെടുന്നത് ഒഴിവാക്കാനുമാണ് പ്രതികള്‍ ശ്രമിച്ചത്. ഇടപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ ആക്രമിക്കപ്പെട്ടു. ഇക്കാരണങ്ങളാല്‍ കേസ് ഭീകരപ്രവര്‍ത്തനവിഭാഗത്തില്‍വരും. അതുകൊണ്ടുതന്നെ യു.എ.പി.എ. കുറ്റം ചുമത്തണം.

ഏറെ ആശ്വാസം

:
കേസ് സി.ബി.ഐ.ക്ക് വിട്ടതില്‍ ഏറെ ആശ്വാസം. മകന്‍ നഷ്ടപ്പെട്ടതിലുള്ള വേദനയില്‍ കഴിയുന്ന കുടുംബത്തിന് ആശ്വാസമാണ് വിധി. യഥാര്‍ഥ പ്രതികള്‍ നിയമത്തിന് മുന്നിലെത്തണം. പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് വേണ്ടത് ചെയ്യും. ദുഃഖത്തില്‍ ഒപ്പംനിന്ന എല്ലാവരോടും നന്ദിയുണ്ട്.

സി.പി. മുഹമ്മദ്, ഷുഹൈബിന്റെ പിതാവ്

പടച്ചവന്‍ അനുവദിച്ച നീതി


എന്റെ സഹോദരന് പടച്ചവന്‍ നേരിട്ടിറങ്ങി വന്ന് അനുവദിച്ച നീതിയാണിത്. സഹോദരനെ ഇല്ലാതാക്കിയവരെ സഹായിക്കുന്നവരോട് ഏറെ വിഷമമാണ് തോന്നിയിരുന്നത്. സി.ബി.ഐ. അന്വേഷിച്ച് യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന് പ്രത്യാശിക്കുന്നു.

ഷര്‍മിള, ഷുഹൈബിന്റെ സഹോദരി
 
********************************************
ഫെബ്രുവരി 12

രാത്രി പത്തേകാലോടെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിനെ അഞ്ചംഗസംഘം വെട്ടിക്കൊലപ്പെടുത്തി

ഫെബ്രുവരി 22

ഏതന്വേഷണത്തിനും തയ്യാര്‍. സി.ബി.ഐ.ക്ക് കൈമാറുന്നതിലും എതിരല്ലെന്ന് മന്ത്രി എ.കെ.ബാലന്‍ കണ്ണൂരില്‍

2018 ഫെബ്രുവരി 26

സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍.