കാസർകോട്: കിഫ്ബിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ഗൗരവത്തോടെ അന്വേഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ബജറ്റിന് പുറത്ത് കോടിക്കണക്കിന് രൂപ വായ്പയെടുത്താണ് കിഫ്ബിയുടെ പ്രവർത്തനം. റിപ്പോർട്ട് നിയമസഭയിൽ കൊണ്ടുവരാതെ പൂഴ്ത്തിവെക്കുകയായിരുന്നു സർക്കാർ. ആ സ്ഥാപനം സുതാര്യമായി കൊണ്ടുപോയില്ലെങ്കിൽ സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരും. അതിനകത്തെ അഴിമതിയും ധനച്ചോർച്ചയും ബാങ്കിടപാടുകളും പിൻവാതിൽ നിയമനങ്ങളും അന്വേഷിക്കണം.

തീർഥാടനകാലമായെങ്കിലും ശബരിമലയിൽ ഒരു സംവിധാനവുമൊരുക്കിയിട്ടില്ല. മുൻപൊക്കെ മുഖ്യമന്ത്രിമാർ പമ്പയിലും തിരുവനന്തപുരത്തും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ച് ഒരുക്കം വിലയിരുത്തുമായിരുന്നു. ഇക്കുറി ഒന്നും നടന്നില്ല. ഇക്കുറി തീർഥാടകരുടെ എണ്ണം കൂടും. അവർക്കുള്ള ഒരു സൗകര്യവുമൊരുക്കിയിട്ടില്ലെന്നത് ദൗർഭാഗ്യകരമാണ്. മാറിമാറിവന്ന എല്ലാ മുഖ്യമന്ത്രിമാരും ചെയ്തതൊന്നും ഇത്തവണ ചെയ്തില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.

വഖഫ് ബോർഡിലെ നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനത്തെ നിയമസഭയിൽ എതിർത്തിരുന്നു. എന്നാൽ, ഭൂരിപക്ഷമുള്ളതിനാൽ സർക്കാർ ബില്ല് പാസാക്കുകയായിരുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.