കണ്ണൂർ: കുട്ടികളുടെ വെടിവെപ്പ് ഗെയിം അടക്കം ഓൺലൈൻ സുരക്ഷ ചർച്ചചെയ്യാൻ ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ യോഗം ചേരുന്നു. സംസ്ഥാനതലയോഗത്തിൽ ഒൻപത് വകുപ്പുകളും സൈബർ വിദഗ്ധരും പങ്കെടുക്കും. അപകടകരമായ ഗെയിം വരുത്തുന്ന ഭവിഷ്യത്തുകൾ തടയാനുള്ള മാർഗരേഖ എങ്ങനെയെന്ന് ചർച്ചചെയ്യും. 16-ന് 10.30-നാണ് യോഗം. ഈ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി നൽകിയ വാർത്തകളിലെ രണ്ട് പ്രധാന കാര്യങ്ങൾ വിലയിരുത്തി കമ്മിഷൻ കേസെടുത്തു.

കുട്ടികൾ ഓൺലൈനിൽ വെടിയുതിർത്ത് കളിക്കുമ്പോൾ അക്കൗണ്ടും പണവും പോകുന്നത് രക്ഷിതാക്കൾ അറിയുന്നില്ലെന്ന് കമ്മിഷൻ വിലയിരുത്തി. കൂടുതൽ ലൈക്കും കുപ്പായവും (പടച്ചട്ട) കിട്ടാൻ കുട്ടികൾ ഗെയിം വിൽക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. ഗെയിം കൈമാറുമ്പോൾ രക്ഷിതാക്കളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും വാങ്ങുന്ന ആൾക്ക് കിട്ടുമെന്നത് അപകടകരമാണ്. ഉടമയറിയാതെ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് പണംപോകുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കമ്മിഷൻ കേസെടുത്തത്. ഫ്രീഫയർ ഗെയിമിനോടനുബന്ധിച്ച് വരുന്ന ചതിക്കുഴികളെക്കുറിച്ച് 2020 ഒക്ടോബർ നാലിനും ഏഴിനുമാണ് മാതൃഭൂമി വിശദവാർത്ത നൽകിയത്. കുട്ടികൾ കളിച്ച് പണവും അക്കൗണ്ടും പോയ രക്ഷിതാക്കളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമടക്കം വാർത്തകളിൽ അഭിപ്രായം പറഞ്ഞിരുന്നു. ഫ്രീഫയർ പ്ലെയറും യൂട്യൂബറും വാർത്തയിൽ ചൂണ്ടിക്കാട്ടിയ അപകടത്തെ ശരിവച്ചു.

യോഗം ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ ഉദ്ഘാടനം ചെയ്യും. കമ്മിഷൻ അംഗം കെ.നസീർ വിഷയാവതരണം നടത്തും. സാമൂഹിക നീതി വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും വിവരസാങ്കേതിക വകുപ്പിലെയും ഉദ്യോഗസ്ഥർ, സൈബർ ഡോം നോഡൽ ഓഫീസർ, ഹൈടെക് സെൽ എ.ഡി.ജി.പി., സൈബർ ഫൊറൻസിക് വിദഗ്ധൻ ഡോ. പി.വിനോദ് ഭട്ടതിരിപ്പാട് തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.