കൊച്ചി: നയതന്ത്ര സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷണസംഘം, സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സ്വർണക്കടത്തിനെക്കുറിച്ച് മുൻ െഎ.ടി. സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതാണ് അദ്ദേഹത്തെ 29-ാം പ്രതിയാക്കാനുള്ള പ്രധാനകാരണം.

സ്വർണക്കടത്തുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിട്ടുള്ള 29 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായർ, കെ.ടി. റെമീസ്, എ.എം. ജലാൽ, റബിൻസ് ഹമീദ് തുടങ്ങിയവരാണ് പ്രധാന പ്രതികൾ.

കേസ് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നേകാൽ വർഷമാകുമ്പോഴാണ് 2700 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂലായിലാണ് നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തുന്നതായി കസ്റ്റംസ് സംഘം കണ്ടെത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രമുഖരെ ചോദ്യം ചെയ്തിരുന്നു.

കസ്റ്റംസിന്റെ കാരണംകാണിക്കൽ നോട്ടീസ് ലഭിച്ച ഭൂരിഭാഗം പ്രതികളും മറുപടി നൽകാൻ സമയം നീട്ടി ചോദിച്ചിട്ടുണ്ട്. കുറ്റപത്രത്തിലേക്ക് ഈ മറുപടികൾ പിന്നീട് ചേർക്കും. ഇതിനു ശേഷമാവും വിചാരണ തുടങ്ങുക.

സ്വർണക്കടത്തിന് ഉദ്യോഗസ്ഥർ സഹായം ചെയ്തു എന്ന ആരോപണത്തിൽ എമിറേറ്റ്‌സ് സ്കൈ കാർഗോ വിമാന കമ്പനിയെ 28-ാം പ്രതിയായി ചേർത്തിട്ടുണ്ട്. കസ്റ്റംസ് ബ്രോക്കർ ഏജൻസിയായ തിരുവനന്തപുരത്തെ കപ്പിത്താൻ ഏജൻസിയെയും പ്രതിചേർത്തു.

സ്വർണക്കടത്തു നടത്തി മുൻപരിചയമുള്ള കെ.ടി. റെമീസാണ് നയതന്ത്രക്കടത്തിന്റെ ആസൂത്രകനായി കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. നയതന്ത്ര ബാഗേജിന്റെ മറവിൽ 21 തവണയായി 169 കിലോ കടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. യു.എ.ഇ. കോൺസുലേറ്റിൽ താത്‌കാലിക ജീവനക്കാരായിരുന്ന സ്വപ്നയും സരിത്തും സുഹൃത്ത് സന്ദീപും ഇതിനുവേണ്ട സഹായം ചെയ്യുകയും ലാഭം പങ്കിടുകയും ചെയ്തുവെന്നാണ് കേസ്. സ്വർണക്കടത്തിന് പണമിറക്കിയവരും സ്വർണം വാങ്ങിയ ജൂവലറി ഉടമകളെയും പ്രതിചേർത്തിട്ടുണ്ട്. കടത്തിയ സ്വർണം മുഴുവനായി കണ്ടെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല.

content highlights: shivasankar was aware of gold smuggling, customs submits chargesheet