കൊട്ടിയം (കൊല്ലം): ഇ.എം.സി.സി. ഡയറക്ടറും കുണ്ടറ മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് സ്ഥാനാർഥിയുമായ ഷിജു എം. വർഗീസ് സഞ്ചരിച്ച കാറിനുനേരെ പെട്രോൾ ബോംബെറിഞ്ഞതായി പരാതി. പുലർച്ചെ അഞ്ചരയോടെ പാലമുക്കിൽനിന്ന്‌ കുരീപ്പള്ളിയിലേക്ക് പോകുമ്പോൾ കാറിന്റെ പിൻഭാഗത്ത് പെട്രോൾ നിറച്ച കുപ്പി തീകത്തിച്ച് എറിയുകയായിരുന്നുവെന്ന് ഷിജു എം. വർഗീസ് മൊഴിനൽകി.

പോലീസ് പട്രോളിങ് സംഘമെത്തുമ്പോൾ കുപ്പിയിലെ പെട്രോൾ കത്തിക്കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഷിജുവിനെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. തനിക്ക് വധഭീഷണിയുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.

ഷിജുവർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാൻ ശ്രമിച്ചുവെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. പോലീസ് പരിശോധനയിൽ കാറിൽനിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലായെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഷിജുവിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കാറിൽനിന്ന് പെട്രോൾ ലഭിച്ചിരുന്നുവെന്ന വാദവും പോലീസ് തള്ളി.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം

ആരും അറിയാത്ത ഒരാളെ ആക്രമിക്കേണ്ട കാര്യം ഇടതുമുന്നണിക്കില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. ഇ.എം.സി.സി. ഡയറക്‌ടർ ഷിജു വർഗീസ് പെട്രോളൊഴിച്ച് സ്വയം നടത്തിയ നാടകമാണിത്. ഇടതുമുന്നണിയുടെ നന്മകൊണ്ടാണ് തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞത്. -ജെ. മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് മന്ത്രി

ദുരൂഹത നീക്കണം

സംഭവത്തിലെ ദുരൂഹത നീക്കണം. സ്ഥാനാർഥിയും മന്ത്രിയുമായ മേഴ്‌സികുട്ടിയമ്മയുടെ ആരോപണത്തിൽ ദുരൂഹതയുണ്ട്. സർക്കാർ നിലപാട് വ്യക്തമാക്കണം. പോലീസും തിരഞ്ഞെടുപ്പ് കമ്മിഷനും വിശദമായ അന്വേഷണം നടത്തണം. - എൻ.കെ. പ്രേമചന്ദ്രൻ എം.പി.