പെരിന്തല്‍മണ്ണ: വള്ളുവനാടന്‍ സാംസ്‌കാരിക വേദിയുടെ നന്തനാര്‍ സാഹിത്യപുരസ്‌കാരത്തിന് ഷെമിയുടെ 'നടവഴിയിലെ നേരുകള്‍' തിരഞ്ഞെടുക്കപ്പെട്ടു. 23ന് വൈകീട്ട് അഞ്ചിന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന നന്തനാര്‍ അനുസ്മരണസമ്മേളനത്തില്‍ നോവലിസ്റ്റ് സേതു പുരസ്‌കാരം സമ്മാനിക്കും.

10001 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷെമി ദുബായിലാണ് താമസം. നാല്‍പതുവയസ്സില്‍ താഴെയുള്ള എഴുത്തുകാരുടെ 2014-16 കാലയളവില്‍ പ്രസിദ്ധീകരിച്ച നോവലുകളില്‍നിന്ന് ഡോ. എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പി. ഗീത, പി.എസ്. വിജയകുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് ഷെമിയുടെ നോവല്‍ തിരഞ്ഞെടുത്തത്.

വള്ളുവനാടന്‍ സാംസ്‌കാരികവേദി ചെയര്‍മാന്‍ സതീശന്‍ ആവള, നന്തനാര്‍ സാഹിത്യ പുരസ്‌കാരം ജനറല്‍ കണ്‍വീനര്‍ നൗഷാദ് അങ്ങാടിപ്പുറം, ഇക്ബാല്‍ മങ്കട, ജ്യോതി അനില്‍, സജിത്ത് പെരിന്തല്‍മണ്ണ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.