തിരുവനന്തപുരം: ഭാര്യ സുനന്ദാ പുഷ്‌കറിന്റെ മരണം സംബന്ധിച്ച കേസില്‍ ശശി തരൂരിനു പൂര്‍ണ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ശശി തരൂരിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഡല്‍ഹിയില്‍ പാര്‍ട്ടി വക്താവ് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍, മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവര്‍ തരൂരിനെ പിന്തുണച്ചു രംഗത്തുവന്നു.

ഭാര്യയുടെ മരണം സംബന്ധിച്ച വിവാദം ഒരു വശത്തു നടക്കുമ്പോള്‍ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശശി തരൂരിനു വീണ്ടും സീറ്റു നല്‍കിയതും അദ്ദേഹം ജയിച്ചതും. അടുത്ത തിരഞ്ഞെടുപ്പ് ആയപ്പോഴേക്ക് കേസ് വീണ്ടും സജീവമാക്കി നിര്‍ത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നാലുവര്‍ഷത്തിലേറെയായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തരൂരിനെ വേട്ടയാടുകയാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ തരൂരിനെ കൈവിടേണ്ടെന്ന തീരുമാനത്തിലാണ് പാര്‍ട്ടി. പ്രധാനമന്ത്രി മോദിക്കെതിരേ തരൂര്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതും അദ്ദേഹത്തോടുള്ള എതിര്‍പ്പിനു കാരണമായി പാര്‍ട്ടി കരുതുന്നു.

അടുത്ത തിരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരേ കേസ് ഉയര്‍ന്നുവന്നത്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിക്ക് തരൂരിന് കേസില്‍ ജാമ്യം എടുക്കേണ്ടി വരും. സുനന്ദയുടെ മരണമൊഴിയോ, ആത്മഹത്യാക്കുറിപ്പോ, സാക്ഷിമൊഴിയോ ഒന്നും ഇല്ലാത്തതിനാല്‍ കേസ് ദോഷകരമാകില്ലെന്നാണു വിലയിരുത്തല്‍. എന്നാല്‍, ഇതു സംബന്ധിച്ച നിയമനടപടികള്‍ തീരാന്‍ സമയമെടുത്തേക്കാം. രാഷ്ട്രീയത്തില്‍ സമയത്തിനാണ് ഏറെ പ്രാധാന്യമെങ്കിലും തരൂരിനെ കൈവിടേണ്ട സാഹചര്യമൊന്നുമില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ശശി തരൂര്‍ എം.പി.ക്കെതിരേ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ഡല്‍ഹി പോലീസിന്റെ നടപടി തികച്ചും രാഷ്ടീയപ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെയും സംഘപരിവാരങ്ങളെയും ശശി തരൂര്‍ നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ ഈ കേസില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നു വ്യക്തമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ പറഞ്ഞു.