കൊച്ചി: ചർച്ചകൾക്കായി ദേശീയ അധ്യക്ഷൻ ശരത് പവാർ വരില്ലെന്ന് അറിയിച്ചതോടെ എൻ.സി.പി.യിലെ പ്രശ്നങ്ങൾ രൂക്ഷമായി. ശനിയാഴ്ച പ്രശ്നപരിഹാരത്തിന് എത്താമെന്നായിരുന്നു പവാർ നേരത്തേ അറിയിച്ചിരുന്നത്. പവാറിന്റെ വരവ് മുന്നിൽക്കണ്ട് സംസ്ഥാന നേതൃത്വം നിർവാഹക സമിതി അംഗങ്ങൾക്കും ജില്ലാ പ്രസിഡന്റുമാർക്കും യോഗ അറിയിപ്പ് നൽകിയിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന 57 ഭാരവാഹികളിൽ പരമാവധിപേരെ തങ്ങൾക്കൊപ്പം നിർത്താൻ എൻ.സി.പി.യിലെ ഇരുവിഭാഗവും തിരക്കിട്ട ശ്രമങ്ങളിലായിരുന്നു. പവാർ എത്തില്ലെന്ന് അറിയിച്ചതോടെ സമവായ സാധ്യതകൾ വിദൂരമായിരിക്കുകയാണ്.

ഇടതുപക്ഷത്തുനിന്ന് വിട്ടുപോകണമെന്ന നിലപാട് സ്വീകരിക്കുന്ന സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്റ്ററെ ഒഴിവാക്കി സമാന്തര കമ്മിറ്റിയുണ്ടാക്കാനുള്ള ആലോചനയിലാണ് ശശീന്ദ്രൻ പക്ഷം. മന്ത്രിക്കെതിരേ പരസ്യമായി പ്രതികരിച്ച പീതാംബരൻ മാസ്റ്ററെ ഇനിയും സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന ഉറച്ച നിലപാടിലാണ് ഇവർ.

പാല സീറ്റുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ, വീട്ടിൽ ആദ്യം ഗ്രൂപ്പ് യോഗംവിളിച്ചത് പീതാംബരൻ മാസ്റ്ററാണെന്നാണ് ശശീന്ദ്രൻ വിഭാഗം കുറ്റപ്പെടുത്തുന്നത്. ഈ ഗ്രൂപ്പ് യോഗ തീരുമാനപ്രകാരമാണ് ഒരു സംഘം മുംബൈയിൽ ശരത്പവാറിനെ കാണാൻപോയത്. യുവാക്കൾക്കായി എലത്തൂർ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറാകണമെന്ന് പറയുന്ന പീതാംബരൻ മാസ്റ്റർ പ്രായം വിസ്മരിച്ച് അധ്യക്ഷസ്ഥാനത്ത് തുടരുന്നതിനെ ശശീന്ദ്രൻ വിഭാഗവും വിമർശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.സി.പി. സ്ഥാനാർഥികൾ മത്സരിച്ച പ്രധാന സ്ഥലങ്ങളിൽപ്പോലും സംസ്ഥാന അധ്യക്ഷന് എത്താനായില്ലെന്നും അവർ ആക്ഷേപം ഉന്നയിക്കുന്നു.

പാല സീറ്റ് പ്രശ്നത്തിൽ പുറത്തുവന്ന എൻ.സി.പി.യിലെ തർക്കം ഇപ്പോൾ മറ്റ് വിഷയങ്ങളിലേക്കും കടന്ന് ഒന്നിച്ചുപോകാൻ കഴിയാത്ത ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇതോടെ മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്നതിനെക്കുറിച്ച് ആലോചിക്കുന്ന നേതാക്കളുമുണ്ട്.

പാർട്ടി യു.ഡി.എഫിലേക്ക് പോകുമെന്ന അഭ്യൂഹം നിലനിൽക്കുന്നതിനാൽ ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിൽ സി.പി.എം. അടുപ്പിക്കുന്നില്ലെന്ന പ്രതിസന്ധിയും എൻ.സി.പി. പ്രവർത്തകർ നേരിടുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്കും മറ്റും ആവശ്യമുന്നയിക്കാൻ പോലും എൻ.സി.പി.ക്ക് സാധിച്ചിട്ടില്ല. എൻ.സി.പി. മേഖലായോഗങ്ങളും മറ്റും വിളിച്ച് സി.പി.എമ്മിനെതിരേ വിമർശനം ഉന്നയിക്കുകയും അത് പരസ്യമാക്കുകയും ചെയ്തതും ഇടതുമുന്നണിയിൽ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.

Content Highlight:  Sharad Pawar postpones visit  to kerala