കൊച്ചി: നടൻ ഷെയ്ൻ നിഗമുമായുള്ള പ്രശ്നപരിഹാരത്തിന് തിങ്കളാഴ്ച ചർച്ച നടക്കാനിരിക്കുമ്പോഴും നിർമാതാക്കൾ ഉറച്ചുതന്നെ. താരസംഘടന ‘അമ്മ’യും നിർമാതാക്കളുടെ സംഘടനയും തമ്മിൽ തിങ്കളാഴ്ച കൊച്ചിയിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നേരത്തേ ഉയർത്തിയ നിലപാടുകൾ എല്ലാം ഉപേക്ഷിച്ച് പ്രശ്നപരിഹാരമുണ്ടാകില്ലെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.
ഷെയ്ൻ നിഗമുമായുണ്ടായ പ്രശ്നപരിഹാരത്തിന് മൂന്നുകാര്യങ്ങളാണ് നിർമാതാക്കൾ പ്രധാനമായും ഉയർത്തിക്കാട്ടിയത്. നിർമാതാക്കൾക്കെതിരേ ഷെയ്ൻ നടത്തിയ വിവാദപരാമർശത്തിൽ മാപ്പുപറയണമെന്ന ആവശ്യം ഷെയ്ൻ മാപ്പുപറഞ്ഞതോടെ പരിഹരിക്കപ്പെട്ടിരുന്നു. ചിത്രീകരണം പൂർത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കണമെന്ന ആവശ്യവും ഷെയ്ൻ അനുസരിച്ചിരുന്നു. ഉല്ലാസത്തിന്റെ ഡബ്ബിങ് പൂർത്തിയായ സാഹചര്യത്തിലാണ് ഇപ്പോൾ അമ്മയുടെ നേതൃത്വത്തിൽ ചർച്ചനടക്കുന്നത്.
ഷെയ്ൻ മൂലം നിർമാണം തടസ്സപ്പെട്ട വെയിൽ, ഖുർബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം തുടരുന്നത് തിങ്കളാഴ്ച ചർച്ചചെയ്യും. ഷെയ്ൻ മൂലമുണ്ടായ സാമ്പത്തികനഷ്ടം പരിഹരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്നാണ് നിർമാതാക്കൾ പറഞ്ഞത്. അതേസമയം സിനിമയുമായി മുന്നോട്ടുപോകുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അവർ വ്യക്തമാക്കി.