കൊച്ചി: നടൻ ഷെയ്ൻ നിഗമും നിർമാതാക്കളും തമ്മിലുള്ള പ്രശ്നത്തിൽ ഒത്തുതീർപ്പ് വൈകാൻ സാധ്യത. ഷെയ്‌നിൽനിന്ന് ‘വിശ്വസനീയമായ ഉറപ്പ്’ ലഭിച്ചാൽ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂ എന്ന കണക്കുകൂട്ടലിലാണ് സംഘടന. ഷെയ്‌നിനെയും കൂടി ഉൾപ്പെടുത്തിയുള്ള ഒരു ചർച്ചയ്ക്ക് നിർമാതാക്കൾ തയ്യാറാകുമെന്ന് ‘അമ്മ’ നേതൃത്വം കരുതുന്നില്ല.
ആ നിലയ്ക്ക് നേരത്തെ ഷെയ്‌നുമായി സംസാരിച്ച് സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഉറപ്പ് വാങ്ങിയ ശേഷം നിർമാതാക്കളുമായി ചർച്ച നടത്താനാണ് ‘അമ്മ’ ശ്രമിക്കുന്നത്. വിദേശത്തുള്ള പ്രസിഡന്റ് മോഹൻലാലുമായി ‘അമ്മ’ ഭാരവാഹികൾ ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്.
ഷെയ്‌നിന്റെ കാര്യത്തിൽ കൂടുതൽ ചർച്ച ആവശ്യമുണ്ടെന്നാണ് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. വിഷയം സംഘടനയുടെ എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യണമെന്ന ചില അംഗങ്ങളുടെ നിലപാടും ഇതിനു പിന്നിലുണ്ടെന്നാണ് സൂചന. നിർമാതാക്കളുമായുണ്ടായ പ്രശ്നത്തെ തുടർന്ന് അജ്‌മേറിലേക്ക് യാത്ര പോയിരുന്ന ഷെയ്ൻ കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തിയിരുന്നു.
‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവും നടൻ സിദ്ദിഖും കഴിഞ്ഞ ദിവസം ഷെയ്‌നുമായി സംസാരിച്ചിരുന്നു. സിദ്ദിഖിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. സംഘടനയുടെ നിലപാടുകൾ ഇടവേള ബാബുവും സിദ്ദിഖും ഷെയ്‌നിനെ ധരിപ്പിച്ചിട്ടുണ്ട്. ഷെയ്‌നിന് പറയാനുണ്ടായിരുന്നത് ഇരുവരും കേൾക്കുകയും ചെയ്തു.
മുടങ്ങിക്കിടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് ഷെയ്ൻ ഇരുവർക്കും ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് സൂചന.
സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ‘ഫെഫ്ക’യുമായി സംസാരിച്ച ശേഷമാകും ‘അമ്മ’ ഷെയ്ൻ വിഷയം നിർമാതാക്കളുമായി ചർച്ച ചെയ്യുക എന്നാണ് സൂചന.
അടുത്ത ദിവസം ‘അമ്മ’ എക്സിക്യുട്ടീവ് യോഗം ചേർന്ന് അതിലേക്ക് ഷെയ്‌നിനെ വിളിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഷെയ്ൻ ചില ഉറപ്പുകൾ നൽകണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ സംഘടന ഇടപെട്ട ശേഷം പിന്നെയും പ്രശ്നമുണ്ടായാൽ അത് സമൂഹമധ്യത്തിൽ മോശം ധാരണ സൃഷ്ടിക്കുമെന്ന് എക്സിക്യുട്ടീവ് അംഗങ്ങളിൽ ചിലർ കരുതുന്നുണ്ട്. അതുകൊണ്ടുതന്നെ, ഷെയ്‌നിൽനിന്ന് കൃത്യമായ ഉറപ്പ് കിട്ടിയാൽ മാത്രമേ ചർച്ചയ്ക്കു പോകേണ്ടതുള്ളൂവെന്നാണ് ഇവരുടെ നിലപാട്.
Content Highlights: Shane Nigam; Compromise will be delayed