കൊച്ചി: നിർമാതാക്കൾക്കെതിരേ വിവാദ പരാമർശം നടത്തിയതിൽ നടൻ ഷെയ്ൻ നിഗം മാപ്പുപറഞ്ഞു. സംഘടനകളായ ‘അമ്മ’, ‘ഫെഫ്ക’, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഷെയ്ൻ ഖേദം പ്രകടിപ്പിച്ചത്.
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ നിർമാതാക്കളെ സംബന്ധിച്ച ചോദ്യത്തിനിടെ ‘മനോരോഗികൾ’ എന്നു ഷെയ്ൻ പറഞ്ഞതാണ് വിവാദമായത്. ഇത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കായി സാമൂഹിക മാധ്യമത്തിലൂടെ നേരത്തേ ഖേദം പ്രകടിപ്പിച്ച കാര്യം ഷെയ്ൻ സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തേ ഖേദം പ്രകടിപ്പിച്ചെങ്കിലും ഒരിക്കൽക്കൂടി ഈ വിഷയത്തിൽ ഖേദംപ്രകടിപ്പിക്കുകയാണെന്നും ഷെയ്ൻ സന്ദേശത്തിൽ പറയുന്നു.
എന്നാൽ, ഷെയ്ൻ നിഗമും നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നം മാപ്പിന്റെ പേരിൽമാത്രം തീരില്ലെന്നു സൂചന. ഷെയ്ൻ മൂലമുണ്ടായ നഷ്ടം നികത്താതെ ഒരുതരത്തിലുള്ള സഹകരണവും വേണ്ടെന്നാണ് നിർമാതാക്കളുടെ നിലപാട്. ഷെയ്‌നുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഒരുസാധ്യതയുമില്ലെന്ന് ആവർത്തിച്ച നിർമാതാക്കൾ സംഘടനകളിലൂടെ മാത്രമേ എന്തെങ്കിലും സാധ്യതകൾ തുറക്കൂവെന്നും വ്യക്തമാക്കുന്നു.
‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് ഷെയ്ൻ 15 ദിവസത്തിനകം തീർക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ ഷെയ്ൻ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും അസോസിയേഷൻ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.
Content Highlights; shane nigam apologized