ശബരിമല: തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ സമര്‍പ്പിച്ച തങ്കയങ്കി ചാര്‍ത്തി അയ്യപ്പന്‍ ഞായറാഴ്ച ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. തങ്കഅങ്കി അണിഞ്ഞ അയ്യപ്പന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് മണ്ഡലപൂജ നടക്കുക. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആഘോഷമായിട്ടെഴുന്നള്ളിക്കുന്ന അങ്കി ഉച്ചയോടെ പമ്പയിലെത്തും.
 
മൂന്നുമണിക്ക് സന്നിധാനത്തേക്ക് തിരിക്കുന്ന വ്രതശുദ്ധി നിറഞ്ഞ തങ്കയങ്കിയാത്രയെ അഞ്ചുമണിയോടെ ശരംകുത്തിയില്‍ സ്വീകരിക്കും. തന്ത്രി കണ്ഠര് രാജീവര് തിലകം ചാര്‍ത്തി അനുഗ്രഹിച്ചയയ്ക്കുന്ന ദേവസ്വം അധികാരികള്‍ അവിടെയെത്തി തങ്കയങ്കിയെ ആചാരപൂര്‍വം സ്വീകരിക്കും. പിന്നെ ആനയിച്ച് സന്നിധാനത്തേക്ക്.

നടപ്പന്തല്‍ വഴി പതിനെട്ടാംപടി കയറിയെത്തിയാല്‍ കൊടിമരച്ചുവട്ടില്‍ തന്ത്രി അങ്കി ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലിലെത്തിച്ച് അയ്യപ്പനെ അണിയിക്കും. സാഗരംകണക്കെ ഒഴുകിയെത്തുന്ന വിശ്വാസികള്‍ക്കുമുന്നില്‍ അയ്യപ്പന്‍ അലങ്കാരപ്പട്ടണിഞ്ഞ് അനുഗ്രഹം ചൊരിയും.

പമ്പയില്‍നിന്ന് തങ്കയങ്കിപേടകം ചുമന്ന് സന്നിധാനത്തെത്തിക്കുന്നതിന് അയ്യപ്പസേവാസംഘം ആറുപ്രവര്‍ത്തകരെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്‍.വേണുഗോപാലന്‍ നായര്‍(കോട്ടയം), ഹരിദാസന്‍ നായര്‍(ഓമല്ലൂര്‍), രമേഷ്(പാലക്കാട്), നാഗാര്‍ജുന്‍(പോണ്ടിച്ചേരി), ആര്‍.സുബ്രഹ്മണ്യന്‍(തിരുനെല്‍വേലി) എന്നിവര്‍ക്കാണിതിന് ഭാഗ്യം ലഭിച്ചത്.
 
തിങ്കളാഴ്ച മണ്ഡലപൂജ നടക്കും. രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട പിന്നെ ഡിസംബര്‍ 30ന് വൈകുന്നേരം അഞ്ചുമണിക്ക് മകരവിളക്കുത്സവത്തിനാണ് തുറക്കുക. ജനുവരി 14നാണ് മകരവിളക്ക്. അന്നാണ് അയ്യപ്പന് പൗരാണികമായ തിരുവാഭരണം ചാര്‍ത്തുന്നത്.