ശബരിമല: അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയതിലെ പിശക് യേശുദാസ് തിരുത്തിയാല്‍ അതാവും സന്നിധാനത്ത് പിന്നെ ഉപയോഗിക്കുകയെന്ന് ശബരിമലതന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഹരിവരാസനത്തിലെ പിശകിന്റെകാര്യം യേശുദാസ് പറഞ്ഞതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ്, തന്ത്രി മാതൃഭൂമിയോട് ഇക്കാര്യം വ്യക്തമാക്കിയത്.

സന്നിധാനത്ത് അത്താഴപൂജ കഴിഞ്ഞ് നടയടയ്ക്കുമ്പോള്‍ അയ്യപ്പനെ ഉറക്കാന്‍ പാടുന്ന പാട്ടാണ് ഹരിവരാസനം. മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഗാനത്തിന്റെ റെക്കോഡാണിപ്പോള്‍ ഇതിനായി ശബരിമലയില്‍ ഉപയോഗിക്കുന്നത്. മധ്യമാവതി രാഗത്തിലുള്ള പാട്ട് ക്ഷേത്രംകാര്യക്കാരും അയ്യപ്പന്മാരും അപ്പോള്‍ ഏറ്റുപാടും.

താന്‍ പാടിയ ഈ ഗാനത്തില്‍ ഒരു പിശകുണ്ടെന്ന് യേശുദാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തിരുത്തിപ്പാടാന്‍ തയ്യാറാണെന്നും അറിയിച്ചു. 'അരിവിമര്‍ദനം നിത്യനര്‍ത്തനം' എന്നാണ് മൂന്നാമത്തെ വരി പാടിയിട്ടുള്ളത്. ഇത് അരി(ശത്രു), വിമര്‍ദനം(നിഗ്രഹം) എന്നിങ്ങനെ പിരിച്ചുപാടേണ്ടതാണ്. അതൊരൊറ്റവാക്കാക്കിയാണ് പാടിയിട്ടുള്ളത്. ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞുതന്ന വരികള്‍ പാടി എന്നേ തനിക്കന്നറിയൂ എന്നായിരുന്നു യേശുദാസിന്റെ വിശദീകരണം.
അഞ്ചുവര്‍ഷംമുമ്പ് ചെന്നൈയിലെ അണ്ണാനഗര്‍ അയ്യപ്പന്‍കോവിലില്‍ പാടാന്‍ പോയപ്പോള്‍ തന്ത്രിയാണിക്കാര്യം ചൂണ്ടിക്കാണിച്ചതെന്നും യേശുദാസ് പറഞ്ഞു. അയ്യപ്പന്റെ നിയോഗത്താല്‍ വീണ്ടും ഹരിവരാസനം പാടാന്‍ അവസരം ലഭിച്ചാല്‍ തിരുത്താന്‍പോകുന്നത് ഈ വാക്കായിരിക്കും. ഏറ്റവും ഒടുവില്‍ സന്നിധാനത്തു പോയപ്പോള്‍ സോപാനത്തിനുസമീപം നിന്ന് ഹരിവരാസനം ആലപിച്ചത് ഈ തിരുത്തലോടെ ആയിരുന്നുവെന്നും യേശുദാസ് അനുസ്മരിച്ചു. ഈ പശ്ചാത്തലത്തിലാണ് കണ്ഠര് രാജീവരുടെ അഭിപ്രായം.

ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായപ്രകടനത്തിനില്ലെന്നും തന്ത്രി വ്യക്തമാക്കി. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. ഇവിടെ സ്ത്രീകള്‍ക്കു വിലക്കില്ല. ഒരു നിശ്ചിതപ്രായത്തിലുള്ളവര്‍ക്ക് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായ നിയന്ത്രണമേയുള്ളൂ. തൃപ്തി ദേശായി വരുന്നതും പോകുന്നതും അവരുടെ വിഷയമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.