sabarimalaശബരിമല: ഇത്രയും നന്നായി അയ്യപ്പനെ തൊഴാൻ പറ്റിയത് മഹാഭാഗ്യം.നാട്ടിൽനിന്നു വരുമ്പോൾ ആകെ പേടിയായിരുന്നു.ഇവിടെ സന്നിധാനത്ത് ഒരു പ്രശ്നവുമില്ല.നാലു തവണ തൊഴാൻ കഴിഞ്ഞു-എറണാകുളം പറവൂർ കൈതാരത്ത് രതിയുടെ വാക്കുകളിൽ നിറഞ്ഞ സംതൃപ്തി.

രതി ഉൾപ്പെടുന്ന മൂന്നംഗ സംഘം ബുധനാഴ്ച രാവിലെയാണ് ശബരിമലയിൽ എത്തിയത്.ഇത് നാലാം വർഷമാണ് രതി വരുന്നത്.വീട്ടിൽ നിന്നും വരുമ്പോൾ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു.ആളുകൾ തടയുമെന്നെല്ലാം പറഞ്ഞു. ഇവിടെ വന്നപ്പോൾ ഒരു പ്രശ്നവുമില്ല.ആരും എവിടെയും തടഞ്ഞുമില്ല.എല്ലാറ്റിനും സഹായംചെയ്ത് പോലീസും ഉണ്ടായിരുന്നു.ആദ്യമായി കൺ നിറയെ അയ്യപ്പനെ കാണാൻ പറ്റിയത് ഇപ്പോഴാണെന്നും രതി പറഞ്ഞു.

രതിയുടെ ഒപ്പമുണ്ടായിരുന്ന രാധാകൃഷ്ണൻ 40 വർഷമായി ശബരിമലയിൽ എത്തുന്നതാണ് .ഇത്തവണ 18 പടികളും തൊട്ട് നെറുകയിൽ വെച്ച് കയറാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് അദ്ദേഹം പറഞ്ഞു.തൃശ്ശൂർ ചെമ്പൂക്കാവ് സ്വദേശി ലീലയും മക്കളും ഇതേ അഭിപ്രായം തന്നെയാണ് പങ്കുവെച്ചത്.രാവിലെ ബസ്സിൽ നിലയ്ക്കലിൽ എത്തി.പിന്നെ കെ.എസ്.ആർ.ടി.സിയിൽ പമ്പയിലും.ഒരിടത്തും ഒരു തടസ്സവും നേരിട്ടില്ലെന്ന് ലീലയും മക്കളും പറഞ്ഞു.

അയ്യപ്പ ദർശനത്തിന് എത്തുന്ന തീർഥാടകരുടെ പൊതുവെയുള്ള അഭിപ്രായമാണിത്.തിരക്ക് കുറവായതിനാൽ നന്നായി ദർശനത്തിന് സമയം കിട്ടുന്നു.മുമ്പ് മണിക്കൂറുകൾ വരിനിന്ന് വലഞ്ഞ അനുഭവമായിരുന്നു പലർക്കും.അയ്യപ്പനെ ഒരു നോക്ക് കണ്ടാൽ ഉടൻ തന്നെ വരിയിൽ നിന്നും തള്ളിവിടുന്ന അനുഭവം.ഇത്തവണ ഒരു തിരക്കുമില്ല.മരക്കൂട്ടത്ത് നിന്നും നിശ്ചിത എണ്ണം തീർഥാടകരെ മാത്രമാണ് കടത്തിവിടുന്നത്.ഇവർക്ക് ആവോളം സമയമെടുത്ത് ദർശനം നടത്താൻ സമയം കിട്ടുന്നുണ്ട്.പതിനെട്ടാംപടി കയറാനും കാര്യമായ തിരക്കില്ല.

മലയാളി തീർഥാടകർ വളരെ കുറവാണ്.കൂടുതലും അന്യസംസ്ഥാന തീർഥാടകരാണ്.

content highlights: sabarimala, sabarimala women entry protest