ശബരിമല: ശബരിമലയില്‍ വാഴക്കുലകള്‍ പഴുപ്പിക്കാന്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ പൊട്ടിത്തെറി. മീഡിയാ സെന്ററിന് താഴെയുള്ള മുറിയില്‍ വ്യാഴാഴ്ച രാവിലെ 11.30-നാണ് സംഭവം. മുറിയുടെ ഷട്ടര്‍ പുറത്തേക്ക് വളഞ്ഞു. പഴക്കടയുടമ കുലകള്‍ പഴുപ്പിക്കാന്‍ വെച്ചിരുന്ന മുറിയില്‍ കാര്‍ബൈഡ് ഉപയോഗിച്ചിരുന്നതായി സന്നിധാനം പോലീസ് പറഞ്ഞു. ഇതില്‍നിന്നുള്ള വാതകം മുറിക്കുള്ളില്‍ നിറഞ്ഞ് അധികസമ്മര്‍ദ്ദംമൂലം ഷട്ടര്‍ തകര്‍ത്ത് പുറത്തേക്ക് പോകുകയായിരുന്നു. വിഷു ആഘോഷത്തിന് തീര്‍ഥാടകത്തിരക്കുള്ളപ്പോള്‍ വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഭീതി പടര്‍ത്തി.

കളക്ടര്‍ കട പൂട്ടിച്ചു

വാഴക്കുലകള്‍ പഴുപ്പിക്കാന്‍ കാര്‍ബൈഡ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച കട വ്യാഴാഴ്ചതന്നെ കളക്ടര്‍ അടപ്പിച്ചു. സന്നിധാനത്ത് വാഴക്കുല പഴുപ്പിക്കാന്‍ കാര്‍ബൈഡ് ഉപയോഗിക്കുന്നുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ എക്‌സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്.