തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പോലീസുകാരെ എസ്.എഫ്.ഐ. നേതാക്കൾ പുറത്താക്കി. കോളേജ് യൂണിയൻ ഓഫീസായി പ്രവർത്തിച്ചിരുന്ന ‘ഇടിമുറി’ക്ക് സമീപം സ്റ്റേജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വെള്ളിയാഴ്ച ഉച്ചയോടെയാണ് എസ്.എഫ്.ഐ. നേതാക്കൾ നിർബന്ധിച്ച് താഴെയിറക്കിയത്.

15 പോലീസുകാർ കോളേജ് വളപ്പിനുള്ളിലെ സ്റ്റേജിൽ ഉണ്ടായിരുന്നു. ഇവരുടെ ഷീൽഡും ഹെൽമെറ്റും ലാത്തികളും സ്റ്റേജിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റേജിലേക്ക് ചാടിക്കയറിയ എസ്.എഫ്.ഐ. പ്രവർത്തകർ പോലീസുകാരോട് പുറത്തിറങ്ങാൻ ആക്രോശിച്ചു. പോലീസുകാർ സംയമനം പാലിച്ചുകൊണ്ട് സ്റ്റേജിൽനിന്നിറങ്ങി. ഇതിനിടെ ചില പ്രവർത്തകർ സ്റ്റേജിലുണ്ടായിരുന്ന ഷീൽഡുകളും ഹെൽമെറ്റുകളും വാരി പുറത്തെറിഞ്ഞു. പോലീസുകാരെ അസഭ്യം പറഞ്ഞു. വിരട്ടി സ്റ്റേജിൽനിന്നിറക്കി.

കാമ്പസിൽനിന്ന് പോലീസ് പിൻവാങ്ങണമെന്നായിരുന്നു എസ്.എഫ്.ഐ. നേതാക്കളുടെ ആവശ്യം. പ്രിൻസിപ്പൽ സ്ഥലത്തെത്തി വിദ്യാർഥികളുമായി സംസാരിച്ചെങ്കിലും പോലീസ് പുറത്തിറങ്ങണമെന്ന നിലപാടിൽ നേതാക്കൾ ഉറച്ചുനിന്നു. സുരക്ഷയുടെ കാര്യത്തിൽ സർക്കാർ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല. അധ്യാപകരുടെയും വിദ്യാർഥികളുടെയും മുന്നിൽവെച്ച് പ്രിൻസിപ്പലിനോട് മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

യൂണിയൻ ഓഫീസായി പ്രവർത്തിച്ചിരുന്ന സ്റ്റേജിനോട് ചേർന്നുള്ള ഗ്രീന്റൂമുകൾ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ. നടത്തിയത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഭാഗം ക്ലാസ് റൂം ആക്കാൻ കോളേജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിന്റെ നിർമാണം പൂർത്തിയായിട്ടില്ല.

സംഘർഷാവസ്ഥയ്ക്കിടെ പി.ജി. ഒഴികെയുള്ള ക്ലാസുകൾക്ക് പ്രിൻസിപ്പൽ അവധി പ്രഖ്യാപിച്ചു. പി.ജി. പരീക്ഷ നടക്കുകയായിരുന്നു. എന്നാൽ, അവധി പിൻവലിക്കണമെന്നും എസ്.എഫ്.ഐ. ആവശ്യപ്പെട്ടു. ഇതിനിടെ അവധി പ്രിൻസിപ്പൽ തുടരെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. വിദ്യാർഥികൾ മടങ്ങിയെങ്കിലും നേതാക്കൾ കാമ്പസിൽ നിലയുറപ്പിച്ചു. തിരിച്ചറിയൽ കാർഡുള്ള വിദ്യാർഥികൾ കോളേജ് സമയം തീരുന്നതുവരെ കാമ്പസിൽ തുടരുമെന്ന് എസ്.എഫ്.ഐ. നേതാക്കൾ പ്രഖ്യാപിച്ചു. ക്ലാസ് സമയം കഴിഞ്ഞ് നേതാക്കൾ അടക്കമുള്ളവർ മടങ്ങിയശേഷമാണ് പോലീസുകാർ വീണ്ടും സ്റ്റേജിനുള്ളിലേക്ക് കടന്നത്.

കോളേജ്‌ യൂണിയൻ ഓഫീസ്‌ മുറിയാണ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റിന്റെ ഓഫീസ്‌ മുറിയായി ഉപയോഗിച്ചിരുന്നത്. വിമതസ്വരം ഉയർത്തുന്ന വിദ്യാർഥികളെ മർദിക്കാനുള്ള വേദിയായി ഇത് മാറിയിരുന്നു. കുത്തേറ്റ അഖിൽ ചന്ദ്രനെയും ഇവിടെവെച്ചാണ് മർദിച്ചു തുടങ്ങിയത്. പിന്നീട് പുറത്തേക്ക് വലിച്ചിറക്കി നെഞ്ചിൽ കുത്തുകയായിരുന്നു. തുടർന്നാണ് യൂണിയൻ മുറി ഇല്ലാതാക്കാൻ തീരുമാനിച്ച് പോലീസ് പിക്കറ്റ് ഏർപ്പെടുത്തിയത്.

പോലീസിനെ പുറത്താക്കിയതല്ല -എസ്.എഫ്.ഐ

: കോളേജിനുള്ളിൽ സ്ഥിരമായി പോലീസുകാർ ഇരിക്കുന്നത് വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാക്കുന്നതായി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് പറഞ്ഞു. വിദ്യാർഥിനികളടക്കം പരാതിപ്പെട്ടിരുന്നു. പരീക്ഷാസമയമാണ്. കോളേജിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ പോലീസുകാരുടെ സാന്നിധ്യം തത്കാലം ഒഴിവാക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിയാസ് പറഞ്ഞു.

content highlights: sfi, university college