കണ്ണൂർ: കണ്ണൂർ സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ 22-ാം തവണയും എസ്.എഫ്.ഐ.ക്ക് വിജയം. തിരഞ്ഞെടുപ്പ്‌ നടന്ന മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്‌.ഐ. സ്ഥാനാർഥികൾ വിജയിച്ചത്. കെ.എസ്.യു.-എം.എസ്.എഫ്. സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 123 കൗൺസിലർമാരിൽ 110 കൗൺസിലർമാർ വോട്ട് ചെയ്തപ്പോൾ എൺപതിലേറെ വോട്ട്‌ നേടിയാണ് എസ്.എഫ്.ഐ. സ്ഥാനാർഥികൾ വിജയിച്ചത്.

ചെയർമാനായി എസ്.എഫ്.ഐ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും സർവകലാശാല തലശ്ശേരി കാമ്പസിലെ രണ്ടാം വർഷ എൽഎൽ.എം. വിദ്യാർഥിയുമായ എം.കെ. ഹസ്സനും ജനറൽ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട് ഗവ. കോളേജിൽ ഒന്നാം വർഷ എം.എ. ഇക്കണോമിക്സ് വിദ്യാർഥിനിയുമായ കെ.വി. ശില്പയും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർമാൻ: പി. ജിഷ്ണു (ശ്രീകണ്ഠപുരം എസ്‌.ഇ.എസ്‌. കോളേജ്), വൈസ് ചെയർപേഴ്‌സൺ (ലേഡി): ഷിംന സുരേഷ് (കാഞ്ഞിരങ്ങാട് കോളേജ് ), ജോ. സെക്രട്ടറി: വി. സച്ചിൻ (ഡോ. പി.കെ. രാജൻ മെമ്മോറിയൽ കാമ്പസ്‌, നീലേശ്വരം), ജില്ലാ എക്‌സിക്യുട്ടീവ് (കാസർകോട്): ബി.കെ. ഷൈജിന (മുന്നാട് പീപ്പിൾസ് കോളേജ്), കണ്ണൂർ: കെ. അപർണ (ഇരിട്ടി ഐ.എച്ച്.ആർ.ഡി. കോളേജ്). വയനാട് ജില്ലാ എക്‌സിക്യുട്ടീവ് സ്ഥാനത്തേക്ക് മാനന്തവാടി മേരി മാതാ കോളേജിലെ അജയ് ജോയ് എതിരില്ലാതെ ജയിച്ചിരുന്നു.

വിജയികളെ ആനയിച്ച് കണ്ണൂർ നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വിനീഷ് ഉദ്ഘാടനം ചെയ്തു. ആൽബിൻ മാത്യു അധ്യക്ഷത വഹിച്ചു. ഷിബിൻ കാനായി, സി.പി. ഷിജു, കെ. അഭിരാം, മുഹമ്മദ്‌ ഫാസിൽ, കെ. അനുശ്രീ, എ.പി. അൻവീർ, എം.കെ. ഹസ്സൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: SFI retains Kannur university student Union for the 22nd term